നാമനിർദേശ പത്രിക സ്വീകരിക്കുന്ന അവസാന ദിവസം വരെ പേരുകളിൽ ആക്ഷേപം ഉന്നയിക്കാം
Sunday, March 30, 2025 12:46 AM IST
തിരുവനന്തപുരം: നാമനിർദേശ പത്രിക സ്വീകരിക്കുന്ന അവസാന ദിവസം വരെ ചേർക്കുന്ന പേരുകളിൽ ആക്ഷേപവും പരാതിയും ഉന്നയിക്കാൻ അവസരം നൽകുമെന്നു രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ ഉറപ്പു നൽകി.
ഓരോ പോളിംഗ് സ്റ്റേഷൻ അടിസ്ഥാനത്തിൽ ബൂത്ത് ലെവൽ ഓഫീസർമാരും അംഗീകൃത രാഷ്ട്രീയ പാർട്ടികൾ നിയമിക്കുന്ന ബിഎൽഎമാരും യോഗം ചേർന്ന് വോട്ടർ പട്ടിക സൂക്ഷ്മ പരിശോധന നടത്തി വരുന്നു. 21,001 പോളിംഗ് സ്റ്റേഷനുകളിൽ ഇതുവരെ യോഗം ചേർന്നു സൂക്ഷ്മ പരിശോധന നടത്തി. ബിഎൽഒ- ബിഎൽഎ യോഗത്തിന്റെ അവസാന തീയതി ഏപ്രിൽ 15 ആയിരിക്കുമെന്നും സിഇഒ അറിയിച്ചു.
നിലന്പൂർ ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക മേയ് അഞ്ചിനു പ്രസിദ്ധീകരിക്കും. കരട് പട്ടിക ഏപ്രിൽ നാലിന് പ്രസിദ്ധീകരിക്കും. വാദങ്ങൾക്കും ആക്ഷേപങ്ങൾക്കുമുള്ള സമയപരിധി ഏപ്രിൽ എട്ടു മുതൽ 24 വരെയായിരിക്കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു.
നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ മേയ് അഞ്ചിന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടിക മുതൽ നോമിനേഷൻ സ്വീകരിക്കുന്ന അവസാന ദിവസം വരെ ചേർക്കുന്ന വോട്ടുകളിൽ ആക്ഷേപം ഉന്നയിക്കാൻ അവസരം ഉറപ്പുവരുത്തണമെന്നു കെപിസിസി ആവശ്യപ്പെട്ടു.
80 വയസ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും പട്ടിക തെരഞ്ഞെടുപ്പിനു മുന്പ് രാഷ്ട്രീയ പാർട്ടികൾക്ക് നൽകണം. ഫോറം 17(സി), 20 എന്നിവ സമയബന്ധിതമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം.
ബിഎൽഒമാരുടെയും ബിഎൽഎ മാരുടെയും സംയുക്ത പരിശോധനയിൽ കണ്ടെത്തുന്ന അപാകതകൾ രാഷ്ട്രീയപാർട്ടികളെ അറിയിക്കണം. ഓക്സിലറി ബൂത്തുകളുടെ വിവരങ്ങൾ നിയോജകമണ്ഡലം അടിസ്ഥാനത്തിൽ പാർട്ടികൾക്ക് നൽകണം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് ബിഎൽഎമാർക്ക് നൽകണം. വ്യാജ വോട്ട് ചേർക്കുന്നവരുടെ പേരിൽ കർശന നടപടി സ്വീകരിക്കണമെന്ന നിർദേശവും കെപിസിസി മുന്നോട്ടുവച്ചു.