എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു
Sunday, March 30, 2025 1:39 AM IST
കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിനു കാരണം അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അധിക്ഷേപമെന്നു പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം.
കേസിൽ പി.പി. ദിവ്യ മാത്രമാണു പ്രതിസ്ഥാനത്തുള്ളത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകൾ അടക്കം ശേഖരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി ഇന്നലെ ഉച്ചകഴിഞ്ഞ് കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. നവീൻ ബാബുവിന്റെ മരണം നടന്നിട്ട് അഞ്ചു മാസത്തിനുശേഷമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
82 പേരുടെ മൊഴി രേഖപ്പെടുത്തിയും ശാസ്ത്രീയമായ തെളിവുകൾ അടക്കം ശേഖരിച്ചുമാണു പോലീസ് കുറ്റപത്രം തയാറാക്കി സമർപ്പിച്ചത്. നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ 458 പേജുള്ള കേസ് ഡയറിയും കുറ്റപത്രം സമർപ്പിക്കുന്പോൾ പോലീസ് കോടതിയിൽ എത്തിച്ചിരുന്നു.
കുറ്റപത്രത്തിൽ പറയുന്നത്...
☛ യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ അധിക്ഷേപമാണു നവീൻ ബാബുവിനെ മരണത്തിലേക്കു നയിച്ചത്.
☛ പെട്രോൾ പന്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം ശരിവയ്ക്കുന്ന ഒന്നും കണ്ടെത്തിയിട്ടില്ല.
☛ നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു ഒരു തെളിവുമില്ല; ദിവ്യയുടേത് കേവലം ആരോപണം മാത്രമാണ്.
☛ നവീൻ ബാബുവിനെ മനഃപൂർവം അധിക്ഷേപിക്കാനായി പി.പി. ദിവ്യ ആസൂത്രണം നടത്തി.
☛ പ്രാദേശിക ചാനൽ കാമറമാനെ യോഗഹാളിൽ വിളിച്ചു വരുത്തി. ഇയാൾ എത്തിയെന്ന് ഉറപ്പിച്ച ശേഷമാണു പി.പി. ദിവ്യ എത്തിയത്.
☛ ചാനലിൽനിന്ന് ഇതിന്റെ ദൃശ്യങ്ങൾ വാങ്ങി ദിവ്യ പ്രചരിപ്പിച്ചു.
ക്ഷണിക്കാതെ കടന്നുവന്ന് അധിക്ഷേപ പ്രസംഗം

സ്വന്തം നാടായ പത്തനംതിട്ടയിലേക്കു നവീൻ ബാബുവിന് സ്ഥലം മാറ്റമായതിനെത്തുടർന്ന് 2024 ഒക്ടോബർ 14നു സഹപ്രവർത്തകർ കളക്ടറേറ്റിൽ നൽകിയ യാത്രയയപ്പ് വേളയിലായിരുന്നു പി.പി. ദിവ്യ ക്ഷണിക്കാതെ കടന്നു വന്ന് അധിക്ഷേപ പ്രസംഗം നടത്തിയത്.
താൻ ഒരു വഴിയാത്രക്കാരിയാണെന്നും ഇത്തരമൊരു പരിപാടി നടക്കുന്നത് അറിഞ്ഞ സ്ഥിതിക്ക് ഇവിടെ വന്ന് രണ്ടു വാക്ക് പറയണമെന്നു തോന്നിയതിനാലാണ് വന്നതെന്നും പറഞ്ഞായിരുന്നു ദിവ്യ പ്രസംഗിച്ചത്.
ഒരു പെട്രോൾ പന്പിന് ഇത്രയും നാൾ ലഭിക്കാതിരുന്ന എൻഒസി എഡിഎം സ്ഥലം മാറി പോകുന്നതിനു തൊട്ടു മുന്പ് എങ്ങനെയാണു ലഭിച്ചതെന്നു തനിക്കറിയാമെന്നായിരുന്നു പി.പി. ദിവ്യ പറഞ്ഞത്. പെട്രോൾ പന്പിന് അനുമതി ലഭിച്ച കാര്യം രണ്ടു ദിവസംകൊണ്ടു പുറത്തറിയും. ലാളിത്യംകൊണ്ടും പുഞ്ചിരി കൊണ്ടും മാത്രം ഒരാളും നല്ല ഉദ്യോഗസ്ഥനാകുന്നില്ല.
താങ്കൾ ഇനി സ്വന്തം നാട്ടിൽ പോയി ജോലി ചെയ്യുന്പോൾ ഇവിടുത്തെ രീതിയിലാകരുത്. ഉപഹാരം നൽകുന്ന ചടങ്ങിനു താൻ നിൽക്കുന്നില്ലെന്നും അതിനു താത്പര്യമില്ലെന്നും പറഞ്ഞായിരുന്നു ദിവ്യ യോഗഹാളിൽനിന്ന് ഇറങ്ങിപ്പോയത്.
ഇതിന്റെ തൊട്ടടുത്ത ദിവസം രാവിലെയാണ് നവീൻ ബാബുവിനെ തന്റെ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.