ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചയാൾക്ക് വിടുതൽ നൽകില്ല
Sunday, March 30, 2025 1:38 AM IST
തൃശൂർ: ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചു മരണത്തിലേക്കു നയിച്ചയാൾക്കു നേരത്തേ മോചനം നൽകണമെന്ന പ്രതിയുടെ അമ്മയുടെ ഹർജി തത്കാലം പരിഗണിക്കാൻ കഴിയില്ലെന്നു ജയിൽ ഡിജിപി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഡിജിപിയുടെ റിപ്പോർട്ട് സ്വീകരിച്ച കമ്മീഷൻ അംഗം വി. ഗീത, പ്രതിയുടെ അമ്മ സമർപ്പിച്ച അപേക്ഷ തീർപ്പാക്കി.
കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന തമിഴ് ദന്പതികളുടെ ഏഴു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചശേഷം പ്രതി ബാബു കുഞ്ഞിനെ മഴയത്ത് ഉപേക്ഷിക്കുകയായിരുന്നു. തുടർന്നു ശ്വാസകോശത്തിൽ വെള്ളം കയറിയാണു കുഞ്ഞ് മരിച്ചത്.
ഈ കേസിലാണ്, മകൻ 18 വർഷമായി വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണെന്നും 78 വയസായ തന്റെ രോഗദുരിതങ്ങൾ കണക്കിലെടുത്ത് മകനു വിടുതൽ നൽകണമെന്നും അമ്മ അഴീക്കോട് സ്വദേശിനി കമലാക്ഷി ആവശ്യം ഉന്നയിച്ചത്. തുടർന്ന് ജയിൽ ഡിജിപിയിൽനിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങി.
മുൻ വർഷങ്ങളിൽ പ്രതിയുടെ വിടുതൽ അപേക്ഷ ജയിൽ ഉപദേശകസമിതിക്കു മുന്നിൽ സമർപ്പിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. പ്രതിയുടെ പ്രബേഷൻ റിപ്പോർട്ട് അനുകൂലവും പോലീസ് റിപ്പോർട്ട് പ്രതികൂലവുമായിരുന്നു.
പ്രതിയിൽനിന്നു സമാനകുറ്റകൃത്യത്തിന് ഇനിയും സാധ്യതയുണ്ടെന്നായിരുന്നു പോലീസ് റിപ്പോർട്ട്. പീഡനക്കേസിൽ പ്രതിയായതിനാൽ പ്രതിക്കു സാധാരണ അവധിക്ക് അർഹതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.