‘എമ്പുരാൻ’ പതിനേഴ് രംഗങ്ങള്‍ ഒഴിവാക്കുന്നു
Sunday, March 30, 2025 1:38 AM IST
കൊച്ചി: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനില്‍നിന്ന് പതിനേഴു രംഗങ്ങള്‍ ഒഴിവാക്കുന്നു. ചിത്രത്തിലെ ചില രംഗങ്ങള്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയതിന് പിന്നാലെയാണിത്.
ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമ രംഗങ്ങള്‍, കലാപത്തിലെ ചില രംഗങ്ങള്‍ തുടങ്ങിയവയാണ് ഒഴിവാക്കുന്നത്.
ചിത്രത്തിന്റെ പുതിയ എഡിറ്റഡ് പതിപ്പ് അടുത്തയാഴ്ച തിയറ്ററുകളില്‍ എത്തും. സിനിമയുടെ നിര്‍മാതാക്കള്‍തന്നെ സ്വയം ചില വെട്ടിത്തിരുത്തലുകള്‍ നടത്തി പരിഷ്കരിച്ച പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് കൈമാറുമെന്നാണ് വിവരം.
റീ സെന്‍സറിംഗ് അല്ല വോളന്ററി മോഡിഫിക്കേഷന് ആണെന്നാണ് സൂചന. ചിത്രത്തില്‍നിന്ന് പത്ത് സെക്കൻഡ് മാത്രമാണ് ആദ്യപതിപ്പില്‍ സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമവും ദേശീയപതാകയെ സംബന്ധിക്കുന്നതുമായ ചില ഭാഗങ്ങളായിരുന്നു ഇത്.
ചിത്രത്തില്‍ ഗുജറാത്ത് കലാപത്തെ പരാമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ക്കെതിരേ ബിജെപി കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചുവെന്നായിരുന്നു ആരോപണം.