പൈറസി തടയാന്‍ എത്തിക്കല്‍ ഹാക്കര്‍മാരെ ഇറക്കി നിര്‍മാതാക്കളുടെ സംഘടന
Saturday, March 29, 2025 2:07 AM IST
കൊച്ചി: പൈറസി തടയുന്നതിനായി എത്തിക്കല്‍ ഹാക്കര്‍മാരെ നിയോഗിച്ച് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്.
നിലവിലെ നിയമസംരക്ഷണ സംവിധാനങ്ങളോടൊപ്പം പ്രെഫഷണല്‍ എത്തിക്കല്‍ ഹാക്കര്‍മാരുടെ ഒരു പ്രത്യേക സംഘത്തെയാണ് പൈറസി തടയുന്നതിനായി അസോസിയേഷന് ചുമതലപ്പെടുത്തിയത്. അസോസിയേഷന് പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇതുസംബന്ധിച്ച വിവരം.
വ്യാജപതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും, കാണുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടികള്‍ക്ക് വിധേയരാക്കുന്നതിനുള്ള ശ്രമം ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ് അസോസിയേഷന്.
വ്യാജചലച്ചിത്ര പതിപ്പുകള്‍ കാണുന്നതും പങ്കിടുന്നതും സൈബര്‍ കുറ്റകൃത്യവും കോപ്പിറൈറ്റ് ലംഘനവും ആണെന്നും, ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജയില്‍ശിക്ഷ അടക്കമുള്ള കര്‍ശനമായ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അസോസിയേഷന് മുന്നറിയിപ്പ് നല്കുന്നു. സിനിമാ വ്യവസായം സംരക്ഷിക്കാനാണ് പുതിയ നടപടിയെന്നാണ് അസോസിയേഷന്റെ വിശദീകരണം.