ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം ഇന്ന്
Sunday, March 30, 2025 12:47 AM IST
കൊച്ചി : യാക്കോബായ സുറിയാനി സഭയുടെ പുതിയ കാതോലിക്കായായി അഭിഷിക്തനായ ബസേലിയോസ് ജോസഫ് ബാവാ ഇന്ന് കേരളത്തിലെത്തും. ഊഷ്മള വരവേൽപ്പാണ് അദ്ദേഹത്തിനായി ഒരുക്കിയിട്ടുള്ളത്.
വൈകുന്നേരം 3.30 ന് സഭാ കേന്ദ്രമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ സ്ഥാനാരോഹണത്തിന്റെ തുടർശുശ്രൂഷയും (സുന്ത്രോണീസോ) അനുമോദന സമ്മേളനവും നടക്കും. കാതോലിക്കാ ബാവായെ സ്വീകരിക്കാൻ പാത്രിയർക്കാ സെന്ററിൽ ഒരുക്കങ്ങൾ പൂർത്തിയായി.
ഉച്ചയ്ക്ക് 1.30 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്ന ബാവായെ സഭയിലെ മെത്രാപ്പോലീത്തമാരും സഭാ ഭാരവാഹികളും വര്‍ക്കിംഗ് - മാനേജിംഗ് കമ്മിറ്റി അംഗങ്ങളും വൈദികരും വിശ്വാസികളും ചേർന്നു സ്വീകരിക്കും. തുടര്‍ന്ന് നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെ പെരുമ്പാവൂര്‍ വഴി പാത്രിയര്‍ക്കാ സെന്ററിലേക്കു പോകും.
സെന്ററിന്റെ പ്രധാന കവാടത്തിൽനിന്ന് ശ്രേഷ്ഠ ബാവായെ പാത്രിയർക്കാ സെന്ററിലേക്ക് സ്വീകരിക്കും. മുൻഗാമിയായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറിടത്തിൽ ധൂപ പ്രാർഥനയ്ക്കുശേഷം നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്കാ ബാവായെ സഭ ഔദ്യോഗികമായി ഒന്നാകെ അംഗീകരിക്കുന്നു എന്നതിന്റെ അടയാളമായി ‘ഓക്സിയോസ്’ ചൊല്ലും.
സഭയിലെ വൈദികരും വിശ്വാസികളും ‘അങ്ങ് യോഗ്യന്‍, അങ്ങയെ ഞങ്ങൾ അംഗീകരിക്കുന്നു’ എന്ന് മൂന്നുപ്രാവശ്യം ഏറ്റു പറയുന്നതാണ് സുന്ത്രോണീസോ ശുശ്രൂഷ. സഭയിലെ വലിയ മെത്രാപ്പോലീത്ത ഏബ്രഹാം മാർ സേവേറിയോസ് പ്രധാന കാർമികത്വം വഹിക്കും.
പാത്രിയർക്കീസ് ബാവായുടെ പ്രതിനിധിയായി എത്തുന്ന ബെയ്റൂട്ട് ആർച്ച്ബിഷപ് മാർ ഡാനിയൽ ക്ലീമിസ്, ഹോംസ് ആർച്ച് ബിഷപ് മാർ തിമോത്തിയോസ് മത്താ അൽ ഖൂറി, ആലപ്പോ ആർച്ച് ബിഷപ് മാർ ബൗട്രോസ് അൽ കിസിസ് എന്നിവരും സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും സഹകാര്‍മികരാകും.
അഞ്ചിന് ശ്രേഷ്ഠ കാതോലിക്കാ ബാവായെ അനുമോദിച്ച് സഭാടിസ്ഥാനത്തിലുള്ള പൊതുസമ്മേളനം. വിവിധ ക്രൈസ്തവ-സഭാ മേലധ്യക്ഷന്മാര്, രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക- സാമുദായിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ആയിരക്കണക്കിന് വിശ്വാസികളും വൈദികരും പങ്കെടുക്കുമെന്ന് മീഡിയാ സെൽ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത അറിയിച്ചു. ലെബനോന്റെ തലസ്ഥാനമായ ബെയ്റൂട്ടിനടുത്ത് അച്ചാനെയിലെ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കാ കത്തീഡ്രലിൽ കഴിഞ്ഞ 25നായിരുന്നു കാതോലിക്കാ വാവയുടെ അഭിഷേകം.