പാണക്കാട്ട് ഇഫ്താറിൽ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി
Sunday, March 30, 2025 12:47 AM IST
മലപ്പുറം: കോണ്ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്കാഗാന്ധി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി ഇഫ്താറിൽ പങ്കെടുത്തു.
ഇന്നലെ വൈകുന്നേരം ആറുമണിയോടെ പാണക്കാട്ടെത്തിയ പ്രിയങ്ക, തങ്ങളോടും നേതാക്കളുമോടൊപ്പം ഇഫ്താർ വിരുന്നിൽ പങ്കെടുത്താണു മടങ്ങിയത്. ഒരു മണിക്കൂറോളം പ്രിയങ്ക പാണക്കാട്ട് ചെലവഴിച്ചു.
സാദിഖലി തങ്ങളുടെ ക്ഷണ പ്രകാരമാണ് പ്രിയങ്ക പാണക്കെട്ടത്തിയത്. വയനാട് ദുരന്ത മേഖലയിലെ പുനരധിവാസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന്റെ പദ്ധതിയെക്കുറിച്ച് ചോദിച്ചറിഞ്ഞ പ്രിയങ്ക ഗാന്ധി
എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എല്ലാവർക്കും പെരുന്നാൾ ആശംസയും നേർന്നാണ് അവർ മടങ്ങിയത്. പ്രിയങ്കയുടെ വരവ് വലിയ സന്തോഷം നൽകുന്നതാണെന്നും സന്ദർശനത്തിൽ രാഷ്ട്രീയം ഒന്നും ഇല്ലെന്നും സൗഹൃദ സന്ദർശനമായിരുന്നുവെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
അതേസമയം, മുന്നണിയിൽ കോണ്ഗ്രസ് നേൃത്വത്വത്തിൽനിന്ന് മതിയായ പരിഗണന ലഭിക്കുന്നില്ലെന്നുള്ള ലീഗ് നേതൃത്വത്തിന്റെ പരിഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രിയങ്കാഗാന്ധിയുടെ പാണക്കാട്ടെ സന്ദർശനമെന്നാണ് വിലയിരുത്തൽ. പാണക്കാട്ടെത്തിയ പ്രിയങ്കാഗാന്ധിയെ സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ചേർന്ന് സ്വീകരിച്ചു.