മയക്കുമരുന്ന് കേസുകളില്‍ കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു
Saturday, March 29, 2025 2:07 AM IST
ബിനു ജോര്‍ജ്
കോഴിക്കോട്: കഴിഞ്ഞ മൂന്നര വര്‍ഷ കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ട ലഹരിക്കടത്തുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ലഭിച്ച പരമാവധി ശിക്ഷ 4,000 രൂപ പിഴ മാത്രം.
2021 മേയ് 20 മുതല്‍ 2025 ജനുവരി വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത 203 പേര്‍ക്കെതിരേയാണ് എന്‍ഡിപിഎസ് ആക്ട് പ്രകാരം എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 86 പേരെ കോടതി ശിക്ഷിച്ചു. ഇതില്‍ ലഭിച്ച പരമാവധി ശിക്ഷയാണ് 4,000 രൂപ പിഴ. ഒരാളെ കുറ്റവിമുക്തനാക്കി. ബാക്കിയുള്ള കേസുകളുടെ വിചാരണ പുരോഗമിക്കുകയാണ്.
പിഴ തുച്ഛമായതിനാല്‍ ലഹരിക്കടത്തിലേര്പ്പെടുന്നതിലൂടെ കിട്ടുന്ന പണം ഉപയോഗിച്ച് പിഴയടച്ചു പുറത്തിറങ്ങിയ ശേഷം വീണ്ടും സമാനമായ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്.
എന്‍ഡിപിഎസ് (നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ്) ആക്ടിലെ ചില വകുപ്പുകള്‍ ശക്തമല്ലാത്തതിനാല് ഒരിക്കല്‍ പിടിക്കപ്പെടുന്നവര്‍ പിന്നീട് സ്ഥിരം കുറ്റവാളികളാകുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനു പരിഹാരമായി ചെറിയ അളവില്‍ മയക്കുമരുന്നുമായി പിടിയിലാകുന്നവര്‍ക്കും കടുത്ത ശിക്ഷയും ജാമ്യം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള വ്യവസ്ഥകളും ഉള്‍പ്പെടുത്തി നിയമഭേദഗതി വരുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.
വര്‍ഷം ചെല്ലുന്തോറും ലഹരിക്കടത്തിലേര്പ്പെടുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായും എക്സൈസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍- 40, 2023-39, 2024-55, 2025 ജനുവരി വരെ-36 എന്നിങ്ങനെയാണ് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെട്ട എന്‍ഡിപിഎസ് കേസുകള്‍.
സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകള്‍ ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ എന്‍ഡിപിഎസ് ആക്ട് സെക്ഷന്‍ 31 പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സഹായകരമാകുമെന്ന പ്രതീക്ഷയിലാണ്.
ഒരു തവണ മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക്, പിന്നീട് കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഒന്നര ഇരട്ടിയിലധികം തടവും പിഴയും നല്‍കുന്നതാണ് സെക്ഷന്‍ 31. അതേസമയം ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്കുന്ന സെക്ഷന്‍ 31 എ പ്രയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.
10 വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനും മുന്‍കരുതല്‍ അറസ്റ്റ് അടക്കമുള്ള മറ്റു നടപടികള്‍ സ്വീകരിക്കുന്നതിനും എക്സൈസ്, പോലീസ് വകുപ്പുകള്ക്ക്സര്ക്കാര് നിര്‍ദേശം നല്‍കിയിട്ടുണ്ട്.