വധക്കേസ് പ്രതി പോലീസിനെ വെട്ടിച്ചു കടന്നു; കാറിൽ ഭാര്യയെയും മകളെയും ഉപേക്ഷിച്ചു
Sunday, March 30, 2025 12:47 AM IST
ആലുവ: കരുനാഗപ്പള്ളി സന്തോഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അതുൽ (28) കുടുംബസമേതം സഞ്ചരിച്ച വാഹനം തടഞ്ഞു നിർത്തി പിടിക്കാനുള്ള പോലീസിന്റെ ശ്രമം ആലുവയിൽ പരാജയപ്പെട്ടു.
ഇന്നലെ വൈകുന്നേരം 4.30 ഓടെ ആലുവ - പെരുമ്പാവൂർ റൂട്ടിൽ ചൂണ്ടിയിൽ കാർ നിർത്തി ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. കാറിലുണ്ടായിരുന്ന ഭാര്യയെയും നാലു വയസുകാരിയായ മകളെയും ഉപേക്ഷിച്ചാണു രക്ഷപ്പെട്ടത്.
അന്വേഷണ സംഘം വിവരം നല്കിയതനുസരിച്ച് പോലീസ് ജാഗ്രതയിലായിരുന്നു. ആലുവ പോലീസിന്റെ കണ്ണുവെട്ടിച്ച് ആലുവ - പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിലേക്കു കാർ പ്രവേശിക്കുകയായിരുന്നു. അശോകപുരം കൊച്ചിൻ ബാങ്ക് കവലയിലെത്തിയപ്പോൾ പ്രതി സഞ്ചരിച്ച കെഎൽ 23 പി. 1101 കാറിന് എടത്തല പോലീസ് കൈ കാണിച്ചെങ്കിലും നിർത്തിയില്ല.
കാർ ഒരു കിലോമീറ്റർ പിന്നിട്ടശേഷം ചൂണ്ടി ജംഗ്ഷനിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
കാറിലുണ്ടായ ഭാര്യയെയും മകളെയും സ്റ്റേഷനിലെത്തിച്ചു വിശദമായ ചോദ്യം ചെയ്യലിനു വിധേയമാക്കുകയാണ്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിന് ഭാര്യക്കെതിരേയും കേസെടുത്തേക്കും.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് സന്തോഷിനെ വീട്ടിൽക്കയറി അതുലിന്റെ നേതൃത്വത്തിൽ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അതുലിനു പുറമേ ഹരി, പ്യാരി, രാജപ്പൻ എന്നിവരാണ് മറ്റു പ്രതികൾ. ഇവരുടെയെല്ലാം ചിത്രങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു.