കത്തോലിക്ക കോൺഗ്രസിന്റെ ജനകീയ പ്രതിരോധ സദസ് നാളെ
Saturday, March 29, 2025 2:07 AM IST
കൊച്ചി: മയക്കുമരുന്ന് മുക്ത കേരളം എന്ന ലക്ഷ്യവുമായി കത്തോലിക്ക കോൺഗ്രസ് 1000 കേന്ദ്രങ്ങളിൽ നാളെ മയക്കുമരുന്ന് വിരുദ്ധ ജനകീയ പ്രതിരോധ സദസുകൾ സംഘടിപ്പിക്കുന്നു.പ്രതിരോധപ്രവർത്തനങ്ങൾക്കായി ലഹരി വിരുദ്ധ കർമസേനകളും രൂപീകരിക്കും.
വിദ്യാർഥികളുടെ ഇടയിൽ ലഹരി ഉപയോഗം വ്യാപകമായത് കൊലപാതകങ്ങളിലേക്ക് വരെ എത്തിച്ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ്, മയക്കുമരുന്ന് മരണമാണ് എന്ന സന്ദേശമുയർത്തി കത്തോലിക്ക കോൺഗ്രസ് പ്രതിരോധ സദസുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
രാഷ്ട്രീയ ഗുണ്ടകളെ വളർത്താൻ ലഹരി മാഫിയയെ പിന്തുണയ്ക്കുന്ന നയം രഹസ്യമായി പല രാഷ്ട്രീയ യുവജന സംഘടനകളും എടുത്തുവരുന്നുണ്ട്. ഇത് കേരളത്തിന്റെ നാശത്തിനാണ് എന്നും അതിൽനിന്ന് പിൻമാറി സർക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് പോരാടേണ്ട സമയമാണ് ഇതെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
സമരത്തിന്റെ രണ്ടാം ഘട്ടമായി വിവിധ കേന്ദ്രങ്ങളിൽ ബോധവത്കരണവും കർമസേനയുടെ നേതൃത്വത്തിൽ നിയമപരമായ ഇടപെടലുകളും നടത്തും. ലഹരിക്കെതിരേ പോരാടുന്ന ഉദ്യോഗസ്ഥർക്ക് വേണ്ട പിന്തുണ കൊടുക്കും. ജനകീയ പ്രതിരോധ സദസിന് വിവിധ കേന്ദ്രങ്ങളിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ, രൂപത ഭാരവാഹികൾ നേതൃത്വം നൽകും.
ഏപ്രിൽ 27 ന് പാലക്കാട് നടക്കുന്ന കത്തോലിക്ക കോൺഗ്രസ് മഹാറാലിയിൽ ലഹരി മാഫിയയ്ക്കെതിരായ ജനകീയ മുന്നേറ്റം ഉണ്ടാകുമെന്നും പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ എന്നിവർ പറഞ്ഞു.