കൊട്ടിയൂരിലെ കസ്തൂരിരംഗൻ വിരുദ്ധ സമരം: ഒരു കേസിലെ പ്രതികളെ വെറുതെ വിട്ടു
Sunday, March 30, 2025 12:47 AM IST
കൊട്ടിയൂർ: കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരേ കൊട്ടിയൂരിൽ ഉണ്ടായ സമരങ്ങളിൽ ഒരു കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
2013 നവംബർ 14ന് കണ്ടപ്പുനം ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്തെന്ന കേസിലെ പ്രതികളെയാണ് തലശേരി സെഷൻസ് കോടതി കുറ്റക്കാരല്ലെന്നു കണ്ട് വെറുതെവിട്ടത്.
കസ്തൂരിരംഗൻ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് ആകെ 12 കേസുകളായിരുന്നു പോലീസ് രജിസ്റ്റർ ചെയ്തത്. നേരത്തേ കേസ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും വിചാരണ നേരിടണമെന്ന് കോടതി നിലപാടെടുത്തതോടെയാണ് കേസ് തുടരേണ്ടിവന്നത്.
രജിസ്റ്റർ ചെയ്ത 12 കേസുകളിൽ 10 കേസുകൾ നേരത്തേ പൂർത്തിയായിരുന്നു. അവശേഷിച്ച രണ്ടു കേസുകളിൽ വിചാരണ നടത്തിയിരുന്നു. വിചാരണ പൂർത്തിയായെങ്കിലും ഒരു കേസിലെ വിധി മാത്രമാണ് വന്നിട്ടുള്ളത്.
തുടക്കത്തിൽ കൂത്തുപറമ്പ് ജെഎഫ്സിഎം കോടയിലായിരുന്നു കേസുകൾ പരിഗണിച്ചിരുന്നതെങ്കിലും പിന്നീട് തലശേരിയിലേക്ക് മാറ്റുകയായിരുന്നു.
28 പേർക്കെതിരെയായിന്നു കേസ്. ഇതിൽ രണ്ടുപേർ മരണപ്പെട്ടിരുന്നു. കൊട്ടിയൂർ സംരക്ഷണ സമിതിയാണ് കേസ് നടപടികളെ നേരിടുന്നതിന് പ്രവർത്തിച്ചത്.