അങ്ങാടിക്കുരുവികള്‍ പറന്നകന്നു; വനംവകുപ്പിന് ചോര്‍ന്നത് ലക്ഷങ്ങള്‍
Saturday, March 29, 2025 2:07 AM IST
കോഴിക്കോട്: അങ്ങാടിക്കുരുവികളെ സംരക്ഷിക്കാനെന്ന പേരില്‍ വനം വകുപ്പ് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം സംസ്ഥാനത്ത് നടപ്പാക്കിയ ‘കുരുവിക്കൊരു കൂട് ’ പദ്ധതി പൊളിഞ്ഞു. സര്‍ക്കാരിനു പാഴായത് ലക്ഷക്കണക്കിനു രൂപ. കച്ചവടസ്ഥാപനങ്ങളില്‍ കൂട് സ്ഥാപിച്ചതല്ലാതെ തിരിഞ്ഞുനോക്കാന്‍ ആളില്ലാത്തതിനാല്‍ കുരുവികള്‍ അവയുടെ വഴിക്കുപോയി.
വംശനാശം നേരിടുന്ന അങ്ങാടിക്കുരുവികളുടെ പരമ്പര നിലനിര്‍ത്തുന്നതിനു ലക്ഷ്യമിട്ടാണ് പദ്ധതിക്കു വനം വകുപ്പ് തുടക്കംകുറിച്ചിരുന്നത്. മരംകൊണ്ടുള്ള കൂട് നിര്‍മിച്ച് പ്രധാന നഗരങ്ങളിലെ കച്ചവട സ്ഥാപനങ്ങളില്‍ സ്ഥാപിക്കുകയായിരുന്നു.
ഓരോ മാസവും ചെലവിനത്തില്‍ ജില്ലകളില്‍നിന്നു വനംവകുപ്പ് ആസ്ഥാനത്തേക്ക് അയച്ച കണക്കില്‍ ലക്ഷക്കണക്കിനു രൂപയാണ് ഇതിനായി എഴുതിവാങ്ങിയത്. എന്നാല്‍ ഫലമൊന്നും ഉണ്ടായില്ലെന്നു മാത്രം. ഒരു കുരുവിക്കും അതിജീവനം നല്കാന് പദ്ധതിക്കു കഴിഞ്ഞില്ല.
ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതി നടപ്പാക്കിയതാണ് ഇതു പാളാന്‍ കാരണമെന്നാണു ജീവനക്കാര്‍ പറയുന്നത്. തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഓരോ അവസരത്തിലും തോന്നുന്ന പദ്ധതികള്‍ നടപ്പാക്കുന്ന അവസ്ഥയാണ്. ലക്ഷക്കണക്കിനു രൂപയുടെ കമ്മീഷനാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്ന വിമര്‍ശനവും ഉണ്ട്.
നഗരങ്ങളും പട്ടണങ്ങളുമാണ് അങ്ങാടിക്കുരുവികളുടെ വാസസ്ഥലം. കാടുകളോടും പുല്മേടുകളോടും താത്പര്യം കാണിക്കാത്ത ഇവ മനുഷ്യരോട് ഇണങ്ങി ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. പ്രധാന നഗരങ്ങളിലെ കച്ചവട സ്ഥാപനങ്ങളില്‍ ധാന്യക്കടകള്ക്കു സമീപം ധാന്യങ്ങള്‍ കൊത്തിത്തിന്നാണ് ഇവ ജീവിക്കുന്നത്. കടകളുടെ മച്ചിലും മാളങ്ങളിലും കൂടുകൂട്ടും. രാജ്യത്ത് വംശനാശം നേരിടുന്ന പക്ഷികളില്പെട്ടതാണ് അങ്ങാടിക്കുരുവികള്‍.
കടകളില്‍ സാധനങ്ങളുടെ വില്പനയില് വന്ന മാറ്റമാണ് അങ്ങാടിക്കുരുവികളുടെ നാശത്തിനു കാരണമായത്. കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ ഇവയ്ക്കു കിട്ടാത്ത വിധത്തിലുള്ള പാത്രങ്ങളിലായി. പായ്ക്കറ്റുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ വില്ക്കാന് തുടങ്ങിയതു കിളികളെ കടകളില്‍നിന്ന് അകറ്റി. കടകള്‍ക്കു സമീപം കൊത്തിത്തിന്നാന്‍ ഒന്നും കിട്ടാതായി.
കോണ്‍ക്രിറ്റ് കെട്ടിടങ്ങളില്‍ കൂടുവയ്ക്കാന്‍ കഴിയാത വന്നതും ഇവയ്ക്കു വെല്ലുവിളിയായി. ഈ സാഹചര്യത്തിലാണ് ‘കുരുവിക്കൊരു കൂട് ’ പദ്ധതിയുമായി വനംവകുപ്പ് എത്തിയിരുന്നത്.