നാലു സ്നേഹിതരുടെ കഥ
Saturday, March 29, 2025 2:07 AM IST
റവ. ഡോ. ജോസി കൊല്ലമ്മാലിൽ സിഎംഐ
"ജീവിതകാലത്തു സ്നേഹിതർ പലരുണ്ടാകും. പക്ഷേ, ജീവൻ പിരിയുന്പോൾ ആരെയും കാണാനാവില്ല. മരണശേഷം ആത്മാവിനൊപ്പം വരാൻ ആരാണുള്ളത്' എന്നു ചാവറയച്ചന്റെ പാന എന്ന കവിതയിൽ പരേതാത്മാവിന്റേതായ ചിന്തയുണ്ട്.
നാലു സ്നേഹിതരുടെ കഥയിലെ ആദ്യ സ്നേഹിതനെക്കുറിച്ച് ഇന്നു പറയാം. ഈ ലോകത്തിൽ ആത്മാർഥതയോടെ ഞാൻ മൂന്നുപേരെ സ്നേഹിച്ചു. എങ്കിലും അതിൽ ഒന്നാമനെ ഹൃദയതുല്യം സ്നേഹിച്ചു. എവിടെപ്പോയാലും ഏതു ജോലി ചെയ്താലും മനസ് അയാളെ ഒാർത്തിരുന്നു.
എന്റെ ചെയ്തികളെയും ഗുണഗണങ്ങളെയും ഹൃദയാഭിലാഷങ്ങളെയും നിയന്ത്രിക്കാൻ കഴിയുന്ന സ്നേഹിൻ. ആ മിത്രം ഇടയ്ക്കിടെ ഒാർമിപ്പിച്ചു: “ജീവിതക്ലേശങ്ങളിൽ നീ ഭയപ്പെടേണ്ട, എന്റെ സ്നേഹം മാത്രം നിനക്കു മതിയാകും. ആപത്തുകാലത്തു തുണ നൽകാൻ എന്നെപ്പോലെ മറ്റാർക്കും സാധ്യമല്ല.'' ഇതൊക്കെ പറഞ്ഞ് എന്റെ മനസിനെ ആ സ്നേഹിതൻ ആഹ്ലാദപൂർണമാക്കി. ഇതു കേട്ട് ആനന്ദിച്ച ഞാൻ വേറൊന്നും കാണാൻ കണ്ണു തുറന്നില്ല. എന്റെ സ്നേഹം അവനിൽ അർപ്പിച്ചാൽ എല്ലാം ഭംഗിയാകുമെന്നായിരുന്നു വിചാരം.
തിരികെ വിളിച്ചപ്പോൾ
ഒരു ദിനം എന്റെ ജീവനെ തിരികെയെടുക്കാൻ പോകുന്നുവെന്നു ദൈവം വിളംബരം ചെയ്തു. എന്നാൽ, ദൈവസന്നിധിയിൽ ഇപ്പോൾ മരണത്തിലേക്കു വിളിക്കരുതെന്ന എന്റെ സങ്കടം ആരെങ്കിലും ധൈര്യസമേതം ബോധിപ്പിച്ചാൽ ഈ വിധിയിൽനിന്നു രക്ഷപ്പെടും. അങ്ങനെ സമ്മർദം ചെലുത്താൻ പ്രാപ്തിയുള്ള ഒരു സ്നേഹിതനുണ്ടെങ്കിൽ കാര്യം സാധിക്കാമെന്നു കരുതി ഞാൻ ആദ്യ സ്നേഹിതനെ സമീപിച്ചു: “വമ്പനും ശക്തനുമായ ആത്മസുഹൃത്തേ, ആപത്ഘട്ടങ്ങളിൽ രക്ഷിക്കാനുള്ള ശക്തി അങ്ങയെപ്പോലെ മറ്റാർക്കുമില്ല. അതിനാൽ നിന്റെ ശക്തി പ്രകടിപ്പിച്ച് ഈ വിധിയിൽനിന്ന് എന്നെ രക്ഷിക്കൂ''. എന്നാൽ, ആത്മസ്നേഹിതന്റെ മറുപടി ഇങ്ങനെ: “സുഹൃത്തേ, പണ്ടുതന്നെ ഞാൻ നിന്റെ സ്നേഹിതനാണ്. എന്നാൽ, നിനക്ക് ഇന്നു സംഭവിച്ച നാശം തടയാൻ ഞാൻ ആളല്ല. ഈ ലോകത്തിൽ മാത്രമാണ് എനിക്കു നിന്നെ സഹായിക്കാനാവുക. നിനക്കു ജീവൻ നൽകിയത് ദൈവമാണ്. അതിനെ തിരികെ ചോദിച്ചാൽ അനുസരിച്ചേ മതിയാവൂ. അതുകൊണ്ട് നീ പോവുക.”
വെറും കൈയോടെ
എനിക്കു കടുത്ത മനഃക്ലേശമായി. ആ സ്നേഹിതൻ ഒരു നല്ല വാക്ക് പറയുകയോ സ്നേഹം പ്രകടിപ്പിക്കുകയോ ചെയ്തില്ലല്ലോ. എനിക്കു സംഭവിച്ചതു ലോകത്തിൽ എല്ലാവർക്കും സംഭവിക്കും, മരണം നിശ്ചയം. ആദ്യ സ്നേഹിതൻ, അത് മറ്റാരുമല്ല ഈ ലോകവും ഞാൻ നേടിയ സ്ഥാനമാനങ്ങളും സന്പത്തുമാണ്. ഈ ലോകത്തെ ഭൗതികതാത്പര്യങ്ങൾക്കു മാത്രമേ അവ പ്രയോജനപ്പെടൂ. മൃതിയെ നേരിടേണ്ട നേരത്ത് മനുഷ്യനു ലോകത്തിന്റെ സഹായമില്ലെന്നും ആരും കൂട്ടിനുല്ലെന്നും പരേതാത്മാവ് പറയുന്നു. മനുഷ്യൻ ഒറ്റയ്ക്കു യാത്രയാവുന്നു. വെറും കൈയോടെ വന്നു, വെറും കൈയോടെ തിരിച്ചുപോകുന്നു.
(തുടരും)