കുറ്റപത്രത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം
Sunday, March 30, 2025 1:39 AM IST
പത്തനംതിട്ട: നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം പ്രതികരിച്ചു. പി.പി. ദിവ്യ എന്ന വ്യക്തിയില്‍ മാത്രം ഒതുങ്ങേണ്ട കേസല്ലെന്ന് നവീന്റെ സഹോദരന് അഡ്വ. പ്രവീണ്‍ ബാബു പറഞ്ഞു.
കുറ്റപത്രത്തിന്റെ ഉള്ളടക്കം ബോധ്യപ്പെട്ടാല്‍ മാത്രമേ കൂടുതല്‍ പ്രതികരിക്കാന്‍ കഴിയൂ. ഗൂഢാലോചന അന്വേഷിക്കണമെന്ന തന്റെ ആവശ്യം പൂര്‍ണമായും പോലീസ് തള്ളിക്കളഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ തലപ്പത്ത് മാറ്റം വരുത്തിയെന്നു പറയുന്നുണ്ടെങ്കിലും അതിന്റെ പ്രതിഫലനം അന്വേഷണത്തില്‍ കണ്ടില്ല. തന്റെ പരാതിയില്‍ കൊലപാതകസംശയം ഉന്നയിച്ചിരുന്നെങ്കിലും ആ വഴിക്കുള്ള അന്വേഷണവും ഉണ്ടായില്ലെന്ന് പ്രവീണ്‍ ബാബു പറഞ്ഞു.
സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുമെന്നും സുപ്രീകോടതിയെ സമീപിക്കാനുള്ള കാര്യങ്ങള്‍ നടക്കുന്നതായും നവീന്‍ ബാബുവിന്റെ സഹോദരന് പറഞ്ഞു.