‘വേള്‍ഡ്കോണ്‍ 2025’ ഏപ്രില്‍ മൂന്നു മുതല്‍
Sunday, March 30, 2025 12:46 AM IST
കൊച്ചി: ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കോളോപ്രൊക്ടോളജി ശസ്ത്രക്രിയാവിദഗ്ധരുടെ പത്താമത് അന്തര്‍ദേശീയ സമ്മേളനം ‘വേള്‍ഡ്കോണ്‍ 2025’ഏപ്രില്‍ മൂന്നു മുതല്‍ ആറു വരെ കൊച്ചി ഗോകുലം കണ്വന്ഷന് സെന്ററില്‍ നടക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനഞ്ചോളം വിദേശ രാജ്യങ്ങളില്‍ നിന്നുമായി 700ല്‍ അധികം ശസ്ത്രക്രിയാ വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വേള്‍ഡ് കോണിന്റെ ഭാഗമായി സര്ജന്മാര്ക്ക് വേണ്ടി പ്രത്യേക തുടര്‍വിദ്യാഭ്യാസ പരിപാടിയും ശസ്ത്രക്രിയാ സംപ്രേഷപണവും ഒരുക്കിയിട്ടുണ്ട്. ചികിത്സാ രംഗത്തെ നൂതനസാങ്കേതികവിദ്യകളും അത്യാധുനിക ഉപകരണങ്ങളും പരിചയപ്പെടുത്തുന്ന പ്രദര്‍ശന മേളയും അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.
വിപിഎസ് ലേക്ഷോര് ഹോസ്പിറ്റല്‍ മിനിമലി ഇന്‍വേസീവ് സര്‍ജറി വിഭാഗം, കീഹോള്‍ ക്ലിനിക്, വെര്വന്ഡന് ഇന്‍സ്റ്റിറ്റ്യൂട്ട്, അസോസിയേഷന് ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ കേരള ഘടകം എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
വേള്‍ഡ് കോണ്‍ രക്ഷാധികാരി ഡോ. ആര്. പദ്മകുമാര്‍, ഓര്‍ഗനൈസിംഗ് ചെയര്മാന് ഡോ. മധുകര്‍ പൈ, സെക്രട്ടറി ഡോ. റിസന്‍ രാജന്, കോണ്‍ഫറന്‍സ് മാനേജര്‍ പ്രേമ്ന സുബിന് എന്നിവര്‍ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.