സർക്കാരിനെതിരേ മഹിള കൂട്ടായ്മ രൂപീകരിക്കും: മഹിള കോണ്‍ഗ്രസ്
Sunday, March 30, 2025 12:47 AM IST
തിരുവനന്തപുരം: സ്ത്രീകളെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പിണറായി സർക്കാരിനെതിരെ മഹിള കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ വിവിധ മഹിളാ സംഘടനകളുടെ സ്ത്രീ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ.
സമൂഹത്തിലെ ഏറ്റവും അടിസ്ഥാന വിഭാഗമായ ആശ അങ്കണവാടി ജീവനക്കാർ ഒന്നര മാസത്തിലേറെയായി വെയിലും മഴയും കൊണ്ട് പട്ടിണി കിടന്ന് വേതന വർദ്ധന ആവശ്യപ്പെട്ട് സമരം ചെയ്തിട്ടും തിരിഞ്ഞു നോക്കാത്ത മുഖ്യമന്ത്രി പിണറായി വിജയൻ സ്ത്രീ വിദ്വേഷിയും സ്ത്രീവിരുദ്ധതയുടെ മാടന്പി രൂപവുമാണ്.
ഒരു വ്യക്തിക്കും ഒരു ഭരണാധികാരിക്കും ഒട്ടും പാടില്ലാത്ത ധിക്കാര സമീപനമാണ് പിണറായിയുടെത്. പ്രതിപക്ഷ നേതാവ് മുതൽ സംസ്ക്കാരിക നായകർ വരെ സമരം തീർക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ടിട്ടും ഒന്നും ചെയ്യുന്നില്ല. ഇത് സ്ത്രീ സമൂഹത്തോടുള്ള അവഗണനയും വെല്ലുവിളിയുമാണെന്നും ജെബി മേത്തർ പത്രസമ്മേളനത്തിൽ പറഞ്ഞു.