അങ്കണവാടി ജീവനക്കാരുടെ രാപകല്‍സമരം താത്കാലികമായി അവസാനിപ്പിച്ചു
Sunday, March 30, 2025 12:47 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ 13 ദിവസമായി നടന്നു വരുന്ന രാപകല്‍ സമരം താത്കാലികമായി അവസാനിപ്പിച്ചു.
സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നുണ്ടായ തീരുമാനങ്ങളുടെയും ഉറപ്പുകളുടെയും അടിസ്ഥാനത്തില്‍ താത്കാലികമായി പിന്‍വലിച്ചതായി യൂണിയന് പ്രസിഡന്റ് അജയ് തറയില്‍ അറിയിച്ചു.
ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും ഇതേക്കുറിച്ച് പഠിച്ച് തീരുമാനമെടുക്കാന്‍ സമിതിയെ നിയോഗിക്കാമെന്നുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ധനമന്ത്രി കെ.എന്‍. ബാലഗോപാലുമായി വ്യാഴാഴ്ച നടന്ന ചര്‍ച്ചയുടെ മിനിട്സ് ശനിയാഴ്ചയാണ് ലഭിച്ചത്.
മൂന്നുമാസത്തിനകം തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. അനുകൂല തീരുമാനമുണ്ടായെങ്കില്‍ അതിന് ശേഷം സമരം പുനരരാരംഭിക്കാനുമുള്ള തീരുമാനത്തിലാണ് സമരസമിതി.
മിനിമം വേതനം 21,000 രൂപയാക്കുക, ഉത്സവബത്ത 1200ല്‍ നിന്നും 5000 രൂപയായി വര്‍ധിപ്പിക്കുക, മെച്ചപ്പെട്ട ഫോണുകള്‍ വിതരണം ചെയ്യുക, ഇഎസ്ഐ ആനുകൂല്യം നടപ്പാക്കുക, ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, വിരമിക്കല്‍ ആനുകൂല്യം അഞ്ചുലക്ഷമായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം ആരംഭിച്ചത്. നിലവില്‍ അങ്കണവാടി വര്‍ക്കര്‍ക്ക് 12,500 രൂപയും ഹെല്‍പ്പര്‍ക്ക് 8750 രൂപയുമാണ് ലഭിക്കുന്നത്.
2016ലാണ് അവസാനമായി ഓണറേറിയം വര്‍ധിപ്പിച്ചത്. 2021ലെ ബജറ്റില്‍ 1000 രൂപയുടേയും 500 രൂപയുടെയും വര്‍ധനവ് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
വേതനം പലഘട്ടങ്ങളായി വിതരണം ചെയ്യുന്നതിന് പകരം ഒറ്റത്തവണയായി നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നിലവില്‍ കേന്ദ്ര വിഹിതം, സംസ്ഥാന വിഹിതം, തദ്ദേശസ്വയംഭരണ സ്ഥാപന വിഹിതം എന്നിങ്ങനെ പലഘട്ടങ്ങളായാണ് ഓണറേറിയം വിതരണം ചെയ്യുന്നത്.
14ന് മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ തയാറാകാത്തതിനെത്തുടര്‍ന്നാണ് 17 മുതല്‍ അനിശ്ചിതകാല രാപകല്‍ സമരം തുടങ്ങിയത്.
സമരം പൂര്‍ണ വിജയമാണെന്നും 90 ദിവസത്തിനുള്ളില്‍ നല്കിയ ഉറപ്പുകള്‍ പാലിച്ചില്ലായെങ്കില്‍ സമരം പുനരാരംഭിക്കുമെന്നും സമരസമിതി അറിയിച്ചു.