രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ കേന്ദ്രപദ്ധതികൾ നഷ്ടമാകുന്നു: ബിജെപി
Saturday, March 29, 2025 2:07 AM IST
തിരുവനന്തപുരം: കേന്ദ്രസർക്കാരിനോടുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ പാവപ്പെട്ടവർക്കു നേരിട്ടു ലഭിക്കേണ്ട പദ്ധതികൾപോലും സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നില്ലെന്നു ബിജെപി. സംസ്ഥാനസർക്കാരിന്റെ വൈരാഗ്യനടപടിമൂലം ജീവിത നിലവാരം ഉയർത്താനുള്ള പദ്ധതികൾ ജനങ്ങൾക്കു നഷ്ടമാവുകയാണ്.
ഈ സാഹചര്യത്തിൽ ഓരോ ബിജെപി പ്രവർത്തകരും വീടുകളിലെത്തി ഗുണോക്താക്കളെ വിവിധ പദ്ധതികളിൽ അംഗമാക്കാൻ ഇന്നലെ ചേർന്ന ബിജെപി സംസ്ഥാന കോർകമ്മിറ്റിയോഗം തീരുമാനിച്ചു.
ഗുണഭോക്താക്കളെ പദ്ധതികളുടെ ഭാഗമാക്കുന്നതു ബിജെപി പ്രവർത്തകരുടെ രാഷ്ട്രീയ ദിനചര്യയുടെ ഭാഗമാക്കുമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, സെക്രട്ടറി എസ്. സുരേഷ് എന്നിവർ പറഞ്ഞു.
കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ അടുത്ത മാസം 15-നു മുന്പു പാർട്ടി ജില്ലാ ഓഫീസുകളിൽ ഹെൽപ് ഡെസ്ക് രൂപീകരിക്കും. കേന്ദ്രസർക്കാർ അവഗണിക്കുന്നുവെന്നാണു സംസ്ഥാന സർക്കാരും സിപിഎമ്മും നിരന്തരം പ്രചരിപ്പിക്കുന്നത്.
കോണ്ഗ്രസും അത് ഏറ്റുപറയുകയാണ്. ചരിത്രത്തിൽ ഇല്ലാത്ത വിധമുള്ള ഗ്രാന്റുകളും വികസന പദ്ധതികളും പിന്തുണയുമാണു കേന്ദ്രസർക്കാർ നൽകുന്നത്. എന്നിട്ടും രാഷ്ട്രീയ വൈരാഗ്യം കൊണ്ടുള്ള പ്രചാരണം മുഖ്യമന്ത്രി പിണറായിവിജയൻ നടത്തുന്നത് വഞ്ചാനാപരമാണ്.
ഇത്തരം പ്രചരണത്തിലെ പൊള്ളത്തരം തെളിയിക്കാൻ ബിജെപി പ്രചാരണം നടത്തും. കേന്ദ്രസഹായങ്ങളുടെ കൃത്യമായ കണക്കുകൾ ലഘുലേഖകളാക്കി ബൂത്ത് തലത്തിൽ ഓരോ വീട്ടിലും പ്രവർത്തകൾ എത്തിക്കും.
ബൂത്ത്, മണ്ഡലം പുനഃസംഘടന പൂർത്തിയായിക്കഴിഞ്ഞു. ജില്ലാ ഭാരവാഹി കമ്മിറ്റി പുനഃസംഘടന ഏപ്രിൽ 15-നകം പൂർത്തിയാക്കും.
വനിതകൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകിയാകും പുനഃസംഘടന. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്നും പി. സുധീർ പറഞ്ഞു.