ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാലുടൻ സ്ഥാനാർഥി: കെ.സി. വേണുഗോപാൽ
Sunday, March 30, 2025 1:39 AM IST
തിരുവനന്തപുരം: നിലന്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ കോണ്ഗ്രസ് സ്ഥാനാർഥിയേയും പ്രഖ്യാപിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
സ്ഥാനാർഥി പ്രഖ്യാപനത്തിൽ കാലതാമസമുണ്ടാകില്ല. കോണ്ഗ്രസും യുഡിഎഫും പൂർണ സജ്ജമാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായി കെ.സി. വേണുഗോപാൽ പറഞ്ഞു.
കണ്ണൂർ എഡിഎമ്മിന്റെ മരണത്തിന് ഉത്തരവാദി ആരാണെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോർട്ടിൽ തന്നെ വ്യക്തമാണ്. അതിന് വേറെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. റവന്യൂ വകുപ്പിന്റെ റിപ്പോർട്ടിൽ എഡിഎമ്മിന് മാനസിക വേദനയുണ്ടാക്കിയത് ആരാണെന്ന് പരാമർശിക്കുന്നുണ്ട്.
ആശാ പ്രവർത്തകരുടെ സമരത്തോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മാന്യത കാട്ടണം. കേന്ദ്ര നിലപാടിൽ സംശയമുണ്ട്. പാർലമെന്റിൽ വിഷയം യുഡിഎഫ് എംപിമാർ നിരന്തരം ഉന്നയിക്കുകയും ചർച്ചയാക്കുകയും ചെയ്തു. ഇതേ തുടർന്ന് ആശാ പ്രവർത്തകരുടെ ഇൻസെന്റീവ് വർധിപ്പിക്കാമെന്ന് വാക്കാൽ കേന്ദ്ര ആരോഗ്യമന്ത്രി പാർലമെന്റിൽ അറിയിച്ചു.
ഉപചോദ്യത്തിൽ കൂടുതൽ വ്യക്തത തേടിയ തനിക്കു കൃത്യമായ മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞുമാറി. ഈ വിഷയത്തിൽ മന്ത്രിയുടെ ചേംബറിലെത്തി കാണാൻ അനുമതി തേടിയിട്ടും അനുവാദം നൽകിയില്ല.പാർലമെന്റിൽ നൽകിയ ഉറപ്പുപാലിക്കാനുള്ള സമർദ്ദവും പോരാട്ടവും തുടരും.
ആശാ പ്രവർത്തകരുടെ നിയമനം, ജോലി എന്നിവ ഉൾപ്പെടെ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നത് സംസ്ഥാന സർക്കാരാണ്. കേന്ദ്ര സ്കീം നടപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാനത്തിനുണ്ട്. അതിനാൽ ആശാ പ്രവർത്തകരുടെ ഓണറേറിയം വർധിപ്പിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാനത്തിനുണ്ട്.
മറ്റുസംസ്ഥാനങ്ങൾ ആശാ പ്രവർത്തകരുടെ ഓണറേറിയം വർധിപ്പിക്കുന്പോൾ കേരളം എന്തുകൊണ്ട് തയാറാകുന്നില്ല? ആശാ പ്രവർത്തകരുടെ സമരത്തെ അധിക്ഷേപിക്കുകയാണ് സംസ്ഥാന സർക്കാരും മന്ത്രിമാരുമെന്നും കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.