എക്സൈസ് വകുപ്പ് കേന്ദ്രീകരിച്ചു നടക്കുന്ന അഴിമതി അന്വേഷിക്കണം: വി.ഡി. സതീശൻ
Saturday, March 29, 2025 2:07 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാർ ക്ലാസിഫിക്കേഷൻ ഇല്ലാത്ത ഹോട്ടലുകൾക്കും ബാർ ലൈസൻസ് നൽകാനുള്ള തീരുമാനത്തിലൂടെ ആസൂത്രിതമായി അഴിമതി നടത്തുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
തദ്ദേശ തെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള പണപ്പിരിവാണ് സിപിഎം നേതാക്കൾ ഇതുവഴി ലക്ഷ്യമിടുന്നത്. പാർട്ടിയുടെകൂടി പിന്തുണയുള്ളതു കൊണ്ടാണ് സംസ്ഥാനത്തിന്റെ മദ്യനയത്തിന് വിരുദ്ധമായ തീരുമാനത്തെ എക്സൈസ് മന്ത്രി ന്യായീകരിക്കുന്നത്.
ക്ലാസിഫിക്കേഷൻ പരിശോധന കൃത്യസമയത്തു നടത്താത്തത് കേന്ദ്രത്തിന്റെ കുറ്റമാണെന്നും ലൈസൻസ് പുതുക്കി നൽകുമെന്നും പറയുന്നതിലൂടെ ഒരു നിയന്ത്രണവും ഇല്ലാതെ സംസ്ഥാനത്ത് മദ്യം ഒഴുക്കുമെന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്.
മനഃപൂർവം പരിശോധന വൈകിക്കുന്ന 23 ഹോട്ടലുകൾക്ക് ബാർ ലൈസൻസ് പുതുക്കി നൽകരുതെന്നാണ് എക്സൈസ് കമ്മീഷണർ നിർദേശം നൽകിയത്. എന്നാൽ അതിന് വിരുദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്.
അഴിമതി മാത്രം ലക്ഷ്യമിട്ടു കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള നിയമവിരുദ്ധ നടപടികളിൽ നിന്നു സർക്കാർ പിൻമാറണം. സ്റ്റാർ പദവി ഇല്ലാത്ത ഹോട്ടലുകൾക്കും ബാറുകൾ അനുവദിച്ചാണോ സർക്കാർ സംസ്ഥാനത്ത് മദ്യവർജനം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്? അഴിമതിയുടെ കേന്ദ്രമായി എക്സൈസ് വകുപ്പ് മാറി. എക്സൈസ് വകുപ്പ് കേന്ദ്രീകരിച്ചു നടക്കുന്ന അഴിമതികളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.