വരുന്നൂ, സർക്കാർ വിലാസം സഹകാർ ടാക്സി സർവീസ്
Saturday, March 29, 2025 2:07 AM IST
കൊല്ലം: ഒല, ഊബർ എന്നിവയുമായി മത്സരിക്കാൻ രാജ്യത്തുടനീളം സഹകാർ ടാക്സി സേവനം ആരംഭിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. സഹകരാണാധിഷ്ഠിതമായി ആരംഭിക്കുന്ന ഈ സേവനത്തിൽ ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ഫോർ വീലർ ടാക്സികൾ എന്നിവ ഉൾപ്പെടും.
നിലവിലുള്ള സ്വകാര്യ കമ്പനി സേവനങ്ങളിൽനിന്ന് വ്യത്യസ്തമായി സഹകാർ ടാക്സി.സർവീസ് നടത്തുന്നതിന്റെ എല്ലാ ലാഭവും വലിയ കോർപറേഷനുകൾക്ക് പകരം ഡ്രൈവർമാർക്കു തന്നെ ലഭിക്കും എന്നതാണ് പ്രത്യേകത. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കിയുള്ളതായിരിക്കും സർക്കാർ നിയന്ത്രണത്തിൽ വരാൻ പോകുന്ന ഈ സംവിധാനം. ഇതുവഴി വിപണിയിൽ വലിയ വളർച്ചയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് ഈ മേഖലയിൽ കുത്തകയ്ക്കായി സ്വകാര്യ കമ്പനികൾ കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുന്നത്. ഇതിനു തടയിടാൻ തന്നെയാണ് സർക്കാർ നീക്കം. ഏതാനും മാസങ്ങൾക്കുള്ളിൽ പദ്ധതി ആരംഭിക്കും.
വാഹനങ്ങളുടെ രജിസ്ട്രേഷൻ നടപടികൾ ഉടൻ തുടങ്ങും. ഇതോടെ സ്വകാര്യ മേഖലയിൽ നിന്നുള്ള നല്ലൊരു വിഭാഗം ഡ്രൈവർമാരും സഹകാർ ടാക്സിയിൽ രജിസ്റ്റർ ചെയ്യുമെന്നും സർക്കാർ കണക്കു കൂട്ടുന്നു. ഇതിനായി പ്രത്യേക ആപ്പ് തയാറാക്കുന്ന നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
പശ്ചിമബംഗാൾ സർക്കാർ സമാനമായ രീതിയിൽ യാത്രി സാഥി എന്ന പേരിൽ ഒരു പദ്ധതി അടുത്തിടെ ആരംഭിച്ചിരുന്നു. കോൽക്കത്തയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സേവനം വൻ വിജയമായതിനെത്തുടർന്ന് സംസ്ഥാനത്തെ മറ്റു പ്രമുഖ നഗരങ്ങളിലേക്കും വ്യാപിപ്പിച്ച് കഴിഞ്ഞു.
അതിവേഗ സേവനം, പ്രാദേശിക ഭാഷാ പിന്തുണ (ബംഗാളി അല്ലെങ്കിൽ ഇംഗ്ലീഷ്), താങ്ങാനാവുന്ന നിരക്കുകൾ, രാപകൽ സേവനം എന്നിവയാണ് യാത്രി സാഥിയുടെ പ്രത്യേകതകൾ.
അതേസമയം, കർണാടകയിൽ നമ്മ യാത്രി എന്ന സ്വകാര്യ ടാക്സി സർവീസ് ആപ്പ് പ്രവർത്തിക്കുന്നുണ്ട്. ഇവർ എല്ലാ ലാഭവും ഡ്രൈവർമാർക്ക് നേരിട്ടു ലഭിക്കുന്നു എന്നുറപ്പാക്കിയാണ് പ്രവർത്തിക്കുന്നത്.
സമാനമായ സേവനം തന്നെയാണ് സഹകാർ ടാക്സി വഴി കേന്ദ്രസർക്കാരും രാജ്യത്ത് എല്ലായിടത്തും നടപ്പിലാക്കാൻ പോകുന്നത്.