കേരള സര്‍വകലാശാലയില്‍ ഗുരുതരവീഴ്ച; ഉത്തരക്കടലാസുകള്‍ നഷ്ടമായി
Sunday, March 30, 2025 1:39 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഗുരുതര പരീക്ഷാ വീഴ്ച. എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടമായി.
മൂല്യനിര്‍ണയത്തിനായി കൊടുത്തയച്ച ഉത്തരക്കടലാസുകള്‍ അധ്യാപകന്റെ പക്കല്‍നിന്നാണ് നഷ്ടപ്പെട്ടത്. 2022-24 ബാച്ചിലെ 71 വിദ്യാര്‍ഥികളുടെ മൂന്നാം സെമസ്റ്റര്‍ ഉത്തരക്കടലാസുകളാണ് നഷ്ടമായത്.
മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാത്തതിനാല്‍ കോഴ്സ് പൂര്‍ത്തിയായിട്ടും ഫലപ്രഖ്യാപനവും നടത്താനായിട്ടില്ല. ഈ വിദ്യാര്‍ഥികള്‍ പുനഃപരീക്ഷ എഴുതണമെന്ന് സര്‍വകലാശാല നിര്‍ദേശം നൽകിയിരിക്കുന്നു എന്നാണ് വിവരം.
2024 മേയില്‍ നടന്ന എംബിഎ മൂന്നാം സെമസ്റ്റര്‍ പരീക്ഷയിലെ ‘പ്രോജക്ട് ഫൈനാന്‍സ്’വിഷയത്തില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്.
പരീക്ഷ കഴിഞ്ഞ് എട്ടുമാസം കഴിഞ്ഞാണ് ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനായി പൂജപ്പുര കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു താത്കാലിക അധ്യാപകനു കൈമാറിയത്. അദ്ദേഹത്തിന് മൂല്യനിര്‍ണയത്തില്‍ പരിചയക്കുറവുള്ളതുകൊണ്ട് മൂല്യനിര്‍ണയം നടത്തിയിരുന്നില്ല.
യൂണിവേഴ്സിറ്റിയില്‍ ഉത്തരക്കടലാസ് മടക്കിനല്കാന് കൊണ്ടുവരവേ പാലക്കാട് വച്ച് അദ്ദേഹത്തിന്റെ പക്കല്‍നിന്ന് ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടു. ഈ വിവരം ജനുവരി ആദ്യവാരംതന്നെ സര്‍വകലാശാലയെ അറിയിച്ചിട്ടും പരീക്ഷാ വിഭാഗം രണ്ടുമാസമായി നടപടി കൈക്കൊള്ളാതെ മാര്‍ച്ച് 17 ചേര്‍ന്നു സിന്‍ഡിക്കറ്റിന്റെ പരിഗണനയ്ക്കു സമര്‍പ്പിക്കുകയായിരുന്നു. അധ്യാപകനെ സിന്‍ഡിക്കറ്റ് വിളിച്ചുവരുത്തി വിശദീകരണം തേടിയശേഷം വീണ്ടും പരീക്ഷ നടത്താൻ തീരുമാനിക്കുകയായിരുന്നു.
“ഗുരുതര കൃത്യവിലോപം”
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വീഴ്ച വരുത്തിയ അധ്യാപകനെതിരേ കര്‍ശന നടപടിക്ക് വൈസ് ചാന്‍സലര്‍ നിര്‍ദേശം നല്കി.
സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കാനും വകുപ്പുതല നടപടിയെടുക്കാനും തീരുമാനമായി. ഇതിനു സര്‍വകലാശാല സിന്‍ഡിക്കറ്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തി. സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകനെതിരേ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി ആര്. ബിന്ദു പ്രതികരിച്ചു.