രണ്ടാമത്തെ സ്നേഹിതൻ
Sunday, March 30, 2025 1:39 AM IST
റവ. ഡോ. ജോസി കൊല്ലമ്മാലിൽ സിഎംഐ
എന്നെ മരണത്തിൽനിന്നു രക്ഷിക്കാൻ ആദ്യ സ്നേഹിതനു സാധിക്കില്ലെന്നു മനസിലായെങ്കിലും ഒരുപക്ഷേ രണ്ടാമനു സഹായിക്കാനായേക്കുമെന്ന പ്രതീക്ഷയോടെ അയാളെ സമീപിച്ചു.
എന്നെ കണ്ട് അവൻ ഓടിവന്നു സ്വീകരിച്ചു. മരണം പിന്തുടരുകയാണെന്ന ദുഃഖവാർത്ത അവനെ ധരിപ്പിച്ചു. ആശ്വാസവാക്ക് പ്രതീക്ഷിച്ചു. എന്നാൽ, രണ്ടാം സ്നേഹിതന്റെ മറുപടി ഇങ്ങനെ:
“സ്നേഹിതാ, ദൈവവിധിയിൽനിന്നു രക്ഷ നേടാൻ നിനക്കു സാധിക്കില്ല. നിന്നെ രക്ഷിക്കാൻ എനിക്കു തെല്ലുമാവില്ല. ദൈവസന്നിധിയിൽ നിന്റെ ആവശ്യം ഉണർത്തിക്കാൻ ഞാൻ ആരുമല്ല.''
പ്രിയപ്പെട്ടവരേക്കാൾ
ഈ രണ്ടാമത്തെ സ്നേഹിതൻ ആരെന്നല്ലേ അറിയേണ്ടത്? സ്വന്തം ജനങ്ങൾ, ബന്ധുമിത്രാദികൾ. ഈ ലോകത്തിൽ പ്രിയപ്പെട്ടവരെന്നു കരുതിയവർ. സ്വന്തം ആത്മാവിന്റെ കാര്യം പോലും മറന്ന് അവർക്കുവേണ്ടി ഞാൻ എത്രയോ ക്ലേശങ്ങൾ സഹിച്ചിരുന്നു. ആവശ്യനേരത്ത് അവർ സഹായിക്കുമെന്നു കരുതി. പക്ഷേ, മരണത്തിൽനിന്നു രക്ഷിക്കാൻ അവർക്കും കഴിയുന്നില്ല.
മരണശേഷം ആത്മാവിനൊപ്പം വരാൻ അവർക്കും സാധിക്കില്ല. തന്റെ അസുഖം ഭേദമാക്കാൻ ഏറെ ക്ലേശങ്ങളും ദുഃഖങ്ങളും രണ്ടാമത്തെ സുഹൃത്ത് അനുഭവിച്ചിട്ടുണ്ട്. വിശന്നപ്പോൾ ഭക്ഷണം തന്നു, തൊണ്ട വരണ്ടപ്പോൾ പാനീയങ്ങൾ തന്നു ദാഹമകറ്റി, ഉഷ്ണമുണ്ടായപ്പോൾ വിശറികൊണ്ട് തണുപ്പിച്ചു, തണുത്തു വിറച്ചപ്പോൾ കന്പിളിയുടുപ്പ് നൽകി... ഇങ്ങനെ അവർ തന്നെ സന്തോഷിപ്പിച്ചു. പക്ഷേ, മരണത്തെ തടയാനോ മരണശേഷം കൂടെ വരാനോ ആ സ്നേഹിതനും സാധിക്കില്ല. മരണത്തിന്റെ വിളി വരുന്പോൾ ഒരു നിമിഷംപോലും ജീവിതം നീട്ടാൻ ശുഭകാംക്ഷിക്കും സാധിക്കില്ലെന്ന സത്യം പരേതാത്മാവിന്റെ ചിന്തകളിലൂടെ വരച്ചുകാട്ടുന്നു.
ഉപേക്ഷിക്കേണ്ടത്
മരണത്തിനപ്പുറം ഒരു ജീവിതമുണ്ട്. ആ യാത്രയിൽ നാം തനിച്ചാണ്. പ്രിയപ്പെട്ടവർക്കൊപ്പം തിമിർത്ത്, കുടിച്ച്, രസിച്ച നാളുകൾ ഓർക്കുന്നുണ്ടെങ്കിലും ജീവിതത്തിന് ഒരവസാനമുണ്ടെന്ന് ഓർത്തില്ല. സ്വന്തം ആത്മാവിന്റെ കാര്യത്തിൽ കാര്യമായിട്ടൊന്നും ചെയ്യാൻ സാധിച്ചില്ലെന്ന ദുഃഖം അലട്ടുന്നു.
ലോകത്തോടും ബന്ധുമിത്രാദികളോടുമുള്ള ബന്ധങ്ങൾ നല്ലതാണെന്നും എന്നാൽ, ആത്മാവിന്റെ രക്ഷയ്ക്ക് അവ ബന്ധനങ്ങളായി തീരരുതെന്നുമുള്ള സത്യം കവിത ഓർമിപ്പിക്കുന്നു. മരണം ഉറപ്പാണ്, എന്നാൽ ഏതു നിമിഷമെന്നോ മണിക്കൂറെന്നോ ദിവസമെന്നോ അറിയില്ല. അതിനാൽ ഈ ലോകത്തിലെ വ്യഗ്രതകൾക്കിടയിൽ സ്വന്തം ആത്മാവിന് മോക്ഷം സിദ്ധിക്കാൻ വേണ്ട രീതിയിൽ ജീവിതം ക്രമീകരിക്കണം.
തന്നെത്തന്നെ ഒന്നാമതായി സ്നേഹിക്കുക. വസ്ത്രത്തേക്കാൾ ശരീരവും ശരീരത്തേക്കാൾ ആത്മാവും പ്രധാനപ്പെട്ടതെന്നു വിചാരിച്ചു ജീവിക്കണം. അതുകൊണ്ട് വസ്ത്രത്തിനും ശരീരത്തിനുംകൂടി ഒന്നിച്ചു നാശം കണ്ടാൽ ശരീരത്തെ രക്ഷിക്കാൻ വസ്ത്രത്തെ ഉപേക്ഷിക്കുക. എന്നാൽ, ശരീരത്തിനും ആത്മാവിനുംകൂടി നാശം നേരിട്ടാൽ ശരീരത്തെ ഉപേക്ഷിച്ച് ആത്മാവിനെ രക്ഷിക്കാൻ ശ്രമിക്കുക. എന്തെന്നാൽ വസ്ത്രവും ശരീരവും ഒരിക്കൽ തീർച്ചയായും അഴുകിപ്പോകും. എന്നാൽ, ആത്മാവ് അഴുകാനുള്ളതല്ല. ഇതിനായിട്ടത്രേ ലോകം മുഴുവനും മനുഷ്യൻ ചെയ്യുന്ന വേലയത്രയും.
മനുഷ്യൻ ലോകത്തിലാണെങ്കിലും ഈ ലോകത്തിന്റേതല്ലാത്ത, ലോകത്തെ അതിജീവിക്കുന്ന, മറ്റൊരു ലോകത്തേക്കു പ്രവേശിക്കേണ്ടവനാണ്. (തുടരും)