ഹണിട്രാപ്പിലൂടെ പണംതട്ടിയ പ്രതിക്കു നാലു വർഷം തടവ്, പത്തു ലക്ഷം രൂപ പിഴ
Sunday, March 30, 2025 12:47 AM IST
തൃശൂർ: ഹണിട്രാപ്പിലൂടെ പണം അപഹരിച്ചതിനെത്തുടർന്ന് യുവാവ് ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതി കൊല്ലം ആലിമുക്ക് ചരുവിള പുത്തൻവീട്ടിൽ സുജിത ജേക്കബിനു നാലു വർഷം തടവും പത്തു ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് തൃശൂർ മൂന്നാം അഡീഷണൽ സെഷൻസ് കോടതി.
പ്രണയം നടിച്ചു വിയ്യൂർ സ്വദേശിയായ രാജേഷ് എന്ന യുവാവിൽനിന്നു പലതവണകളിലായി പത്തു ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയും പിന്നീട് മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്ത യുവതി, അതു മറച്ചുവച്ച് വീണ്ടും യുവാവിൽനിന്നു പണം തട്ടിയെടുക്കുന്നതു തുടരുകയായിരുന്നു.
യുവതി വിവാഹിതയായത് അറിഞ്ഞതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. കെ.എൻ. സിനിമോൾ ഹാജരായി.