തരംഗമായി അമൽജ്യോതി മാസ്റ്റർ മൈൻഡ് ഗ്രാൻഡ്ഫിനാലെ
Sunday, March 30, 2025 12:47 AM IST
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജ് സംഘടിപ്പിച്ച എജെസിഇ മാസ്റ്റർ മൈൻഡ് പ്രൊജക്ട് മത്സരങ്ങൾ മികവുറ്റ നിരവധി പുതിയ സംരംഭങ്ങളിലേക്ക് വഴി തുറന്നു.
സമൂഹ നന്മ മുന്നിൽ കണ്ടുകൊണ്ട് വികസിപ്പിച്ച പുതുമയാർന്ന ആശയങ്ങൾ, സംരംഭങ്ങളായി മാറ്റുന്നതിന് ഉതകുന്ന തരത്തിലുള്ള പ്രോജക്ടുകൾക്ക് സമ്മാനങ്ങൾ ലഭിച്ചു. എജെസിഇ മാസ്റ്റർ മൈൻഡ് ഗ്രാൻഡ്ഫിനാലെയുടെ ഉദ്ഘാടനവും സമ്മാനദാനവും മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് നിർവഹിച്ചു.
കോളജിലെ 700ൽ പരം ടീമുകളിലായി 2,250 ഓളം വിദ്യാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്.
ഇതിൽ ഏറ്റവും നല്ല 20 പ്രോജക്ടുകൾക്ക് മാർ മാത്യു വട്ടക്കുഴി അവാർഡും പുത്തൻ ആശയങ്ങൾ രൂപപ്പെടുത്തി അവയെ സംരംഭങ്ങളായി മാറ്റാൻ കഴിവുള്ള മൂന്നു ടീമുകൾക്ക് ഫാ. മാത്യു വടക്കേമുറി അവാർഡും മികച്ച വാണിജ്യ സാധ്യതകൾ മുൻനിർത്തി പുതുമയാർന്ന ആശയങ്ങൾ രൂപീകരിച്ച 21 ടീമുകൾക്ക് മാർ മാത്യു അറയ്ക്കൽ അവാർഡും നൽകി. ഇതിന്റെ ഭാഗമായി പേറ്റന്റ് അപേക്ഷകൾ നൽകുന്നതിനും കമ്പനി രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനുമുള്ള സാമ്പത്തിക സഹായം ഉറപ്പുവരുത്തുകയും ചെയ്തു.
കൂടാതെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മറ്റു പ്രോജക്ടുകൾക്ക് ഡിപ്പാർട്ട്മെന്റ് ലെവൽ ബെസ്റ്റ് പെർഫോമിംഗ് പ്രോജക്ട് അവാർഡുകളും വിദ്യാർഥികൾ രൂപകൽപ്പന നൽകിയ പുതുമയാർന്നതും വിജയസാധ്യതയുള്ളതുമായ 25 പ്രോജക്ടുകളെ തെരഞ്ഞെടുത്ത് ടോപ്പ് പെർഫോമിംഗ് അവാർഡുകളും മാസ്റ്റർ മൈൻഡ് ഗ്രാൻഡ്ഫിനാലെയിൽ സമ്മാനിച്ചു.
ഗ്രാൻഡ്ഫിനാലെയുടെ ഭാഗമായി പ്രോജക്ട് എക്സിബിഷനും നടന്നു. 150ഓളം വിദ്യാർഥി ടീമുകൾ അവരുടെ പ്രോജക്ട് പ്രോട്ടോ ടൈപ്പുകൾ പ്രദർശിപ്പിച്ചു. മാനേജർ റവ. ഡോ. റോയി ഏബ്രഹാം പഴേപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ലില്ലിക്കുട്ടി ജേക്കബ്, കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, ഡീൻ റിസർച്ച് ഡവലപ്മെന്റ് ഡോ. സോണി സി. ജോർജ് എന്നിവർ പ്രസംഗിച്ചു.