ടാങ്കര്‍ ലോറി പണിമുടക്ക്: എല്‍പിജി വിതരണം ഉറപ്പു നല്കി ഒഎംസികള്‍
Saturday, March 29, 2025 2:07 AM IST
കൊച്ചി: സതേണ്‍ റീജിയന് ബള്‍ക്ക് എല്‍പിജി ട്രാന്‍സ്പോര്‍ട്ട് ഓണേഴ്സ് അസോസിയേഷന് ആഹ്വാനം ചെയ്തിട്ടുള്ള അനിശ്ചിതകാല എല്‍പിജി ടാങ്കര്‍ പണിമുടക്ക് നടക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മതിയായ സിലിണ്ടര്‍ വിതരണം ഉറപ്പു നല്കി ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ (ഐഒസിഎല്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍).
നിലവില്‍ ഒഎംസികള്‍ക്ക് അവയുടെ ബോട്ടിലിംഗ് പ്ലാന്റുകളില്‍ ബള്‍ക്കായി എല്‍പിജി സംഭരണമുണ്ട്. അതിനാല്‍ എല്‍പിജി വിതരണം പതിവുപോലെ നടക്കുമെന്നും യാതൊരു വിധത്തിലുള്ള ആശങ്കയും നിലനില്‍ക്കുന്നില്ലെന്നും കമ്പനികള്‍ അറിയിച്ചു.
എല്‍പിജി ഗതാഗതത്തിന്റെ സുരക്ഷയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ടെൻഡര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഈ ശ്രമങ്ങള്‍ക്കിടയിലും, സുരക്ഷാ ലംഘനങ്ങളും മറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട പിഴവ്യവസ്ഥകള് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു വിഭാഗം ട്രാന്‍സ്പോര്‍ട്ടര്‍മാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
സ്ഥിതിഗതികള്‍ എത്രയും വേഗം പരിഹരിക്കാന്‍ ഒഎംസികള്‍ പ്രധാനപ്പെട്ട ട്രാന്‍സ്പോര്‍ട്ടര്‍മാരുമായി ചര്‍ച്ച നടത്തുന്നുണ്ട്. അവര്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും പരിഗണിച്ചിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.