ചീഫ് സെക്രട്ടറിയായി മനോജ് ജോഷി?; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Saturday, March 29, 2025 2:07 AM IST
തിരുവനന്തപുരം: ചീഫ് സെക്രട്ടറിയാകാൻ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള നിലവിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജോഷി മടങ്ങിയെത്തിയേക്കും. ഡൽഹിയിൽനിന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ മനോജ് ജോഷി മുഖ്യമന്ത്രി പിണറായി വിജയനെ സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി കണ്ടു ചർച്ച നടത്തിയിരുന്നു.
കേരള കേഡറിലെ ഇപ്പോഴത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജോഷി നിലവിൽ കേന്ദ്രത്തിൽ റവന്യു ദുരന്തപ്രതികരണ വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിയാണ്. ഏപ്രിൽ 30ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ വിരമിക്കുന്ന ഒഴിവിൽ മനോജ് ജോഷി മടങ്ങിയെത്തുമെന്നാണു വിവരം.
മനോജ് ജോഷി എത്തിയാൽ നിലവിൽ ചീഫ് സെക്രട്ടറിയാകുമെന്നു കരുതുന്ന ധന അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ സാധ്യതകളാണ് അടയുന്നത്. മനോജ് ജോഷിക്ക് 2027 വരെ സർവീസുണ്ട്; ജയതിലകിന് 2026 ജൂണ് വരെയും.
1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മനോജ് ജോഷി ഡൽഹിയിൽ ഡെപ്യൂട്ടേഷനിൽ തുടരാൻ താത്പര്യപ്പെട്ടതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ ജൂണിയർ ആയ ഡോ. വി. വേണുവും തൊട്ടുപിന്നാലെ ഭാര്യ ശാരദ മുരളീധരനും ചീഫ് സെക്രട്ടറി പദത്തിലെത്തിയത്. ഇരുവരും 1990 ബാച്ച് ഉദ്യോഗസ്ഥരാണ്.
ശാരദ മുരളീധരൻ വിരമിക്കുന്നതോടെ 1991 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ധന അഡീഷണൽ ചീഫ് സെക്രട്ടറിയായ എ. ജയതിലക് ചീഫ് സെക്രട്ടറിസ്ഥാനത്തേക്ക് വരുമെന്നായിരുന്നു വ്യാപക പ്രചാരണം.
മനോജ് ജോഷി കേരളത്തിലേക്കു മടങ്ങിയെത്തില്ലെന്നായിരുന്നു എല്ലാവരുടെയും നിഗമനം. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഡൽഹിയിൽനിന്നു തിരുവനന്തപുരത്ത് എത്തിയ മനോജ് ജോഷി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
വയനാട് പുനർനിർമാണത്തിന് കേരളത്തിനുള്ള കാപ്പക്സ് വായ്പ അടക്കം ലഭ്യമാക്കുന്നതിൽ കേന്ദ്ര സർവീസിലുള്ള മനോജ് ജോഷി, സംസ്ഥാനത്തെ ഏറെ സഹായിച്ചുവെന്ന വിവരമുണ്ട്.
മുഖ്യമന്ത്രിയും ചില മന്ത്രിസഭാംഗങ്ങളുമായി മനോജ് ജോഷി ഏറെ അടുപ്പം പുലർത്തുന്നതായും വിവരമുണ്ട്.
ധന അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന മനോജ് ജോഷി ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കു പോയത്. തുടർന്ന് രണ്ടു ചീഫ് സെക്രട്ടറിമാർ എത്തിയെങ്കിലും കേരളത്തിലേക്കു മടങ്ങിവരാൻ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല.