ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം
Sunday, March 30, 2025 12:47 AM IST
ഇരിട്ടി: ആറളം ഫാമിൽ വനംവകുപ്പ് പട്രോളിംഗ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഇന്നലെ പുലർച്ച പന്ത്രണ്ടരയോടെ ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്ലോക്ക് പത്തിലെ പഴയ ആർആർടി ഓഫീസിനു സമീപത്തെ ബസ് കാത്തിരിപ്പുകേന്ദ്രത്തിനടുത്താണ് ചെറിയ മോഴയാന നൈറ്റ് പട്രോളിംഗ് തളിപ്പറമ്പ് റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പി.ആർ. ദിപിനെ ആക്രമിച്ചത്. ഭാഗ്യംകൊണ്ടു മാത്രമാണ് ദിപിൻ രക്ഷപ്പെട്ടത്.
ഫാം ഭൂമിയിൽനിന്ന് ആറളം വന്യജീവി സങ്കേതത്തിലേക്ക് ഓടിച്ചുവിട്ട ആനകൾ തിരികെ പുനരധിവാസ മേഖലയിൽ പ്രവേശിക്കാതിരിക്കാൻ അഞ്ചംഗസംഘം നിരീക്ഷണം നടത്തുന്നതിനിടെ വനാതിർത്തി പ്രദേശമായ വളയംചാൽ-താളിപ്പാറ റോഡിലായിരുന്നു സംഭവം. വനംവകുപ്പ് സംഘം ഇവിടെ വാഹനം നിർത്തി നിരീക്ഷണം നടത്തുകയായിരുന്നു.
ദിപിൻ 100 മീറ്റർ മാറി റോഡിനോടു ചേർന്ന് ടാർപായ കെട്ടി നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്തെത്തി നിരീക്ഷിക്കുന്നതിനിടെ പിന്നിലൂടെ എത്തിയ കാട്ടാന ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്ത് ദിപിനിന് നേരെ തിരിഞ്ഞു. തകർന്നു വീണ ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ടാർപായയ്ക്കുള്ളിൽ ദിപിൻ കുടുങ്ങിപ്പോയി.
ദിപിൻ എവിടെയാണെന്നു കൃത്യമായി മനസിലാക്കാൻ കഴിയാത്ത മോഴയാന ടാർപായയിൽ പലതവണ ചവിട്ടിയെങ്കിലും ദിപിൻ ചവിട്ടു കൊള്ളാതെ രക്ഷപ്പെടുകയായിരുന്നു. ശബ്ദംകേട്ട് വാഹനം നിർത്തിയിട്ട് നിരീക്ഷണം നടത്തുകയായിരുന്ന സംഘത്തിലുള്ളവർ വാഹനം സ്റ്റാർട്ട് ചെയ്ത് ബഹളം വച്ച് മോഴയാനയെ തുരത്തി.
വീടിനു നേരേയും കാട്ടാനക്കലി
ദിപിനിനെ ആക്രമിച്ച മോഴയാനയെ ബഹളംവച്ച് ഓടിച്ചുവിട്ടപ്പോൾ സമീപത്തെ വീട് ആക്രമിച്ചാണ് കലിപ്പ് തീർത്തത്. പ്ലോട്ട് നമ്പർ 425 ലെ താമസമില്ലാത്ത ഓമനയുടെ വീടാണ് ആന തകർത്തത്.
ഭർത്താവ് വെള്ളി മരിച്ചതിനെത്തുടർന്ന് ഓമനയും കുടുംബവും ഇവിടെനിന്നു താമസം മാറിയിരുന്നു. വീടിന്റെ ജനൽ ഇടിച്ചു തകർത്ത നിലയിലാണ്. പിന്തുടർന്നെത്തിയ വനംവകുപ്പ് സംഘം ഇവിടെനിന്ന് ആനയെ തുരത്തി വന്യജീവി സങ്കേതത്തിലേക്കു കടത്തി വിട്ടു.
വീടിനുള്ളിൽ ശേഖരിച്ചുവച്ച കശുവണ്ടി ലക്ഷ്യമിട്ടായിരുന്നു ആന വീട് തകർക്കാൻ ശ്രമിച്ചതെന്ന് കരുതുന്നു. വനപാലകരെ ഉൾപ്പടെ അരമണിക്കൂറിൽ അധികം പരിഭ്രാന്തിയിലാക്കിയ ശേഷമാണ് ആന കാട്ടിലേക്ക് കയറിയത്.
കഴിഞ്ഞ മാസം 23ന് വെള്ളി-ലീല ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടർന്നു പുനരധിവാസ മേഖലയിൽ വനംവകുപ്പ് സംഘം മൂന്നു ടീമുകളായി തിരിഞ്ഞ് രാത്രി മുഴുവൻ സമയവും പരിശോധന നടത്തിവരുന്നുണ്ട് .
പുനരാരംഭിച്ച ആന തുരത്തലിൽ 23 ആനകളെ കാട്ടിലേക്കു കയറ്റി വിട്ടിട്ടുണ്ട്. ഇതോടെ പുനരധിവാസ മേഖലയിൽ നിലവിൽ കാട്ടാനകൾ അവശേഷിക്കുന്നില്ലെന്നാണു വനം വകുപ്പ് നിഗമനം.