അടിയന്തരാവശ്യങ്ങൾ പരിഹരിക്കണം; മുഖ്യമന്ത്രിക്കു കത്തു നൽകി സ്കൂൾ പാചകത്തൊഴിലാളികൾ
Sunday, March 30, 2025 12:47 AM IST
തൃശൂർ: സ്കൂൾ പാചകത്തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗംവിളിച്ച് തൊഴിലാളികളുടെ അടിയന്തരാവശ്യങ്ങൾക്കു പരിഹാരം കാണണമെന്നും അല്ലെങ്കിൽ ഏപ്രിൽ 22 മുതൽ 26 വരെ സെക്രട്ടേറിയറ്റിനുമുമ്പിൽ രാപകൽ അതിജീവനസമരം സംഘടിപ്പിക്കുമെന്നും കാണിച്ച് സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (എഐടിയുസി) മുഖ്യമന്ത്രിക്കു കത്തു നൽകി.
മുൻ സംസ്ഥാനസർക്കാരുകൾ നൽകിവന്നിരുന്ന അമ്പതുരൂപ വീതമുള്ള വാർഷികവേതനവർധന മുൻകാലപ്രാബല്യത്തോടെ നടപ്പാക്കുക, ജോലിചെയ്യുന്നവർക്കു യഥാസമയം വേതനം നൽകുന്ന വ്യവസ്ഥ പുനഃസ്ഥാപിച്ച് തൊഴിലാളികളുടെ വേതനക്കുടിശിക തീർക്കുക, മിനിമം വേതനത്തിന്റെ പരിധിയിൽനിന്നു സ്കൂൾ പാചകത്തൊഴിലാളികളെ ഒഴിവാക്കിയ തൊഴിലാളിദ്രോഹ ഉത്തരവ് പിൻവലിക്കുക, 2016ലെ മിനിമംകൂലി വിജ്ഞാപനം പരിഷ്കരിച്ചു നടപ്പാക്കുക, അഞ്ഞൂറു കുട്ടികൾക്ക് ഒരു തൊഴിലാളി പാചകംചെയ്യണമെന്ന നിബന്ധനയും അടിമവേലയും അവസാനിപ്പിക്കുക, സ്കൂൾപാചകത്തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിച്ച് ഗ്രാറ്റുവിറ്റിയും പെൻഷനും പ്രോവിഡന്റ് ഫണ്ടും ബോണസും മറ്റ് ആനുകൂല്യങ്ങളും നൽകി സംരക്ഷിക്കുന്ന തമിഴ്നാട് മാതൃക കേരളത്തിലും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ സമരത്തിനൊരുങ്ങുന്നത്.
22നു രാവിലെ പത്തിനു നൂറുകണക്കിനു പാചകത്തൊഴിലാളി വനിതകൾ പങ്കെടുക്കുന്ന രാപകൽസമരത്തോടെ തുടങ്ങുന്ന അതിജീവനസമരം എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 26നു ചേരുന്ന സമാപനസമ്മേളനം എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.