കാർഷിക സർവകലാശാല ബജറ്റ്; പ്രഖ്യാപനങ്ങളുടെ പച്ചപ്പ്
Sunday, March 30, 2025 12:47 AM IST
തൃശൂർ: കേരള കാർഷികസർവകലാശാലയുടെ 2025-26 വർഷത്തേക്കുള്ള ബജറ്റ് കൃഷിമന്ത്രിയും സർവകലാശാല പ്രോ ചാൻസലറുമായ പി. പ്രസാദ് അവതരിപ്പിച്ചു. സർവകലാശാല ആസ്ഥാനത്തു ചേർന്ന ജനറൽ കൗണ്‍സിൽ യോഗത്തിലാണ് 650.79 കോടി രൂപ വരവും 909.32. കോടി രൂപ ചെലവും 258.53 കോടി കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റ് മന്ത്രി അവതരിപ്പിച്ചത്.
കാർഷികസർവകലാശാല വൈനറിയിൽ ഉത്പാദിപ്പിക്കുന്ന നിള വൈൻ അടുത്തവർഷം വിപണിയിൽ എത്തുമെന്നും കെടിഡിസി ബിയർ-വൈൻ പാർലറുകളിൽ 2000 രൂപയ്ക്കുമേൽ ബില്ലുവരുന്ന ഉപഭോക്താക്കൾക്ക് 750 മില്ലി വൈൻ സൗജന്യമായി നൽകുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.
ലോകബാങ്ക് ധനസഹായത്തോടുകൂടി നെൽപ്പാടങ്ങളിൽനിന്നുള്ള ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള പദ്ധതിയായ 24.77 കോടി രൂപയുടെ കേര പദ്ധതി അടുത്ത വർഷം നടപ്പിലാക്കും. ബാലരാമപുരത്ത് നാളികേര മ്യൂസിയം സ്ഥാപിക്കും.
ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർത്ഥികൾക്കുള്ള സാന്പത്തികസഹായം, റേവ് പദ്ധതി, ലൈബ്രറി ശക്തീകരണം തുടങ്ങിയ പദ്ധതികൾക്കായി വിദ്യാഭ്യാസമേഖലയിൽ തുക വകയിരുത്തിയിട്ടുണ്ട്. സദ്ഗമയ എന്ന പേരിൽ കാർഷികസർവകലാശാലയിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടപ്പിലാക്കും.
ഗവേഷണരംഗത്തു നിർമിതബുദ്ധി ഉപയോഗിച്ചുള്ള കീടരോഗ മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കുന്നതിനും കാർഷിക സർവകലാശാല സാങ്കേതികവിദ്യകളുടെ സാമൂഹിക പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിനും അടുത്ത വർഷം ലക്ഷ്യമിടുന്നു.
സംസ്ഥാനത്തെ പ്രധാന വിളകളിൽ ഉയർന്ന ഉത്പാദനക്ഷമതയുള്ള ഇനങ്ങളുടെ വികസനം, ഉയർന്ന വിളവും വിവിധ പ്രതികൂലഘടകങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള നെല്ലിന്റെയും സങ്കരയിനം പച്ചക്കറികളുടെയും വികസനം, തെങ്ങിൻതൈകൾ ഉത്പാദിപ്പിക്കുന്നതിനുള്ള ടിഷ്യുകൾച്ചർ സാങ്കേതികവിദ്യയുടെയും നെല്ലിലെ ജല ഉപയോഗം കുറയ്ക്കുന്നതിനുള്ള സംവിധാനത്തിന്റെയും വികസനം, പരിസ്ഥിതിസൗഹൃദ സസ്യസംരക്ഷണത്തിനായി നാനോ ഉത്പന്നങ്ങളുടെ വികസനം എന്നിവ ബജറ്റിലുണ്ട്.
സംരംഭകത്വത്തെ പിന്തുണയ്ക്കാൻ കഴിയുന്നരീതിയിൽ ഗവേഷണങ്ങൾ ശക്തിപ്പെടുത്തും. കർഷകർക്കു ഗുണനിലവാരമുള്ള വിത്തുകൾ, നടീൽവസ്തുക്കൾ, ജൈവ ഉപാധികൾ എന്നിവ ന്യായമായ വിലയ്ക്കു ലഭ്യമാക്കുന്ന പദ്ധതിക്കും തുക വകയിരുത്തി.
കാർഷിക സാങ്കേതികവിദ്യകളുടെ കർഷകപങ്കാളിത്ത വികസനത്തിനും പ്രചാരണത്തിനുമുള്ള പദ്ധതികളും ഫാം ടൂറിസം, ഇൻക്യുബേഷൻ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും അടുത്ത വർഷം നടപ്പിലാക്കും.
കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റവന്യു മന്ത്രി കെ. രാജൻ, എംഎൽഎമാരായ ജി.എസ്. ജയലാൽ, പി. നന്ദകുമാർ, പി.പി. സുമോദ്, ഡോ.പി.കെ. സുരേഷ് കുമാർ, ഡോ.വി. തുളസി, സി.എൽ. ഷിബു, ജനറൽ കൗണ്‍സിൽ അംഗങ്ങൾ തുടങ്ങിയവർ ബജറ്റ് ചർച്ചയിൽ പങ്കെടുത്തു.