മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും ആശ്വാസം; പിടിവിടാതെ എസ്എഫ്ഐഒ
Saturday, March 29, 2025 2:07 AM IST
സിജോ പൈനാടത്ത്
കൊച്ചി: മാസപ്പടി കേസിൽ വിജലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയത് മുഖ്യമന്ത്രിക്കും മകൾക്കും അതുവഴി സിപിഎമ്മിനും ആശ്വാസം. ആരോപണങ്ങൾക്കു തെളിവുകളും വസ്തുതകളുടെ പിൻബലവുമില്ലെന്ന ഹൈക്കോടതി സിംഗിൾ ബഞ്ചിന്റെ കണ്ടെത്തൽ ഹർജിക്കാരേക്കാൾ പ്രതിപക്ഷത്തിനേറ്റ ആഘാതംകൂടിയാണ്.
മുഖ്യമന്ത്രിയിലേക്കു വിരൽ ചൂണ്ടുന്നൊരു അഴിമതിക്കേസിനെ പ്രതിരോധിക്കാൻ സർക്കാരും ഇടതുപക്ഷവും നടത്തുന്ന ശ്രമങ്ങൾക്കു കോടതിവിധി മൂർച്ചയുള്ള ആയുധമാകും.
പ്രതിപക്ഷം പറയുന്ന ആരോപണങ്ങളിൽ കഴന്പില്ലെന്നു പറയാൻ മാസപ്പടി കേസിലെ കോടതിവിധിയാകും ഇടതുപക്ഷം ഇനി മുന്നിൽ വയ്ക്കുക.
അതേസമയം, കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) പിടിവിട്ടിട്ടില്ലെന്നത്, മാസപ്പടി അധ്യായം അടയ്ക്കാറായിട്ടില്ലെന്നതിന്റെ സൂചനയാണ്. എസ്എഫ്ഐഒയുടെ അന്വേഷണവും തുടർനടപടികളും സമാന്തരമായി നടക്കുന്നുണ്ട്.
കൊച്ചിന് മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനി, തങ്ങൾക്കു നല്‍കാത്ത സേവനത്തിനു മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണു രാഷ്ട്രീയകേരളത്തിൽ തീ കോരിയിട്ട മാസപ്പടി വിവാദത്തിനും കേസിനും വഴിതെളിച്ചത്.
2017-2020 കാലയളവിൽ വിവിധ ഘട്ടങ്ങളിലായി സിഎംആര്‍എല്‍ 1.72 കോടി രൂപ എക്സാലോജിക്കിനു നൽകിയെന്നതിനു തെളിവുകൾ അന്വേഷണ ഏജൻസിക്കു ലഭിച്ചിട്ടുണ്ട്. ഈ പണത്തിനു വീണ നികുതി അടച്ചിട്ടുണ്ടെന്ന കണ്ടെത്തലും കേസിനു ബലം നൽകി.
രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ അന്വേഷണ റിപ്പോർട്ടിനെ ആധാരമാക്കിയാണ് എസ്എഫ്ഐഒ കേസിൽ വിശദാംശങ്ങൾ തേടുന്നത്. സിഎംആർഎലിൽ നിന്നു പണം വാങ്ങിയത് ഏതു തരം സേവനത്തിനാണെന്നതിന്റെ തെളിവുകൾ എക്സാലോജിക് ഇനിയും അന്വേഷണ ഏജൻസികൾക്കു നൽകിയിട്ടില്ലെന്നതും എസ്എഫ്ഐഒയുടെ നടപടികളെ ഗൗരവമുള്ളതാക്കുന്നുണ്ട്. എസ്എഫ്ഐഒ അന്വേഷണത്തെ ചോദ്യം ചെയ്ത് എക്സാലോജിക് കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി അടുത്തിടെ തള്ളിയിരുന്നു.
കേസിന്റെ ആദ്യഘട്ടം മുതൽ മുഖ്യമന്ത്രിയെയും വീണയെയും സംരക്ഷിക്കുന്ന നിലപാടിലുറച്ചു നിന്ന സിപിഎമ്മിന് ഹൈക്കോടതി വിധി ഊർജം പകരുന്നുണ്ട്. എന്നാൽ എസ്എഫ്ഐഒ അന്വേഷണത്തെ പ്രതിരോധിക്കാൻ രാഷ്ട്രീയ നിലപാടിനേക്കാൾ നിയമപരമായ വഴികളും തേടേണ്ടിവരും.