മുനമ്പം ജുഡീഷല്‍ കമ്മീഷന്: സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജി മാറ്റി
Saturday, March 29, 2025 2:07 AM IST
കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജുഡീഷല്‍ കമ്മീഷനെ നിയമിച്ച നടപടി റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേയുള്ള സര്‍ക്കാരിന്റെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റി.
കമ്മീഷന് പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്ന അഡ്വക്കറ്റ് ജനറലിന്റെ ആവശ്യത്തിലടക്കം വിശദമായ വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റീസ് അടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
പ്രവര്‍ത്തനം തുടരാന്‍ കമ്മീഷനെ അനുവദിക്കണം. കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും വസ്തുതകള്‍ വിലയിരുത്താതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്നുമാണ് സര്‍ക്കാരിന്റെ അപ്പീലില്‍ പറയുന്നത്. വിഷയത്തില്‍ വസ്തുതാന്വേഷണമാണ് നടക്കുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്.
നിസാര്‍ കമ്മീഷന് റിപ്പോര്‍ട്ട് മുമ്പ് ഉണ്ടായെങ്കിലും വിഷയം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലായിരുന്നതിനാല്‍ അന്തിമതീര്പ്പുള്ള റിപ്പോര്‍ട്ടല്ല ഉണ്ടായത്. ഇപ്പോഴും വിഷയം ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്. അതിനാല്‍ വീണ്ടും കമ്മീഷനെ നിയമിച്ചതില്‍ തെറ്റില്ലെന്നുമാണ് സര്‍ക്കാര്‍ വാദം.