കേസിനു പിന്നാലെ കേസ് ; നടുവില്‍ പഞ്ചായത്തിനെതിരേ ഹൈക്കോടതി
Saturday, March 29, 2025 2:07 AM IST
കൊച്ചി: അമ്പതിനായിരം രൂപ ഗുണഭോക്താവിനു നല്കാതിരിക്കാന്വേണ്ടി മൂന്നുതവണ കേസിന് പോയ കണ്ണൂര്‍ നടുവില്‍ പഞ്ചായത്തിന്റെ നടപടിയെ അപലപിച്ച് ഹൈക്കോടതി.
വ്യവഹാരച്ചെലവ് പൊതുഫണ്ടില്‍ നിന്നാണെന്ന് ഓര്മ വേണമെന്ന് കോടതി വ്യക്തമാക്കി. വ്യവഹാരങ്ങള്‍ എവിടെ നിര്‍ത്തണമെന്നതില്‍ ജാഗ്രത വേണമെന്നും ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
2017-2018 വര്‍ഷത്തെ ജനകീയാസൂത്രണപദ്ധതിപ്രകാരം വീട് പുതുക്കിപ്പണിയുന്നതിനായി അപേക്ഷ നല്കിയ ഗുണഭോക്താവിന്റെ അപേക്ഷ നടുവില്‍ പഞ്ചായത്ത് നിരസിച്ചു. 50,000 രൂപയുടെ അപേക്ഷ നിരസിച്ചതിനെതിരേ ഗുണഭോക്താവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്സ്മാനെ സമീപിച്ചു. ഓംബുഡ്സ്മാന് ഗുണഭോക്താവിന് അനുകൂലവിധി പുറപ്പെടുവിച്ചു. ഇതിനെതിരേ പഞ്ചായത്ത് അപ്പീലുമായി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെയും പിന്നീട് ഡിവിഷന് ബെഞ്ചിനെയും സമീപിച്ചു.
തുടര്‍ച്ചയായി വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ട പഞ്ചായത്തിന്റെ നടപടിയെയാണ് ഹൈക്കോടതി അപലപിച്ചത്. ഹര്‍ജി നല്കാന് നിയമപരമായി പഞ്ചായത്തിന് അവകാശമുണ്ടെങ്കിലും ഇത്തരത്തിലുള്ള വ്യവഹാരങ്ങളെ ന്യായീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.