വയനാട് ഉരുൾപൊട്ടൽ: ദുരന്ത ബാധിതരുടെ വായ്പകൾ എഴുതിത്തള്ളില്ല
Thursday, March 27, 2025 2:49 AM IST
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. വായ്പകള്‍ എഴുതിത്തള്ളുന്നതിനു പകരം ഒരു വര്‍ഷത്തെ മോറട്ടോറിയം നല്കി മുതലും പലിശയും പുനഃക്രമീകരിക്കാനാണു ധാരണയായതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
എന്നാല്‍, കേന്ദ്രനിലപാടില്‍ ജസ്റ്റീസുമാരായ ജയശങ്കരന്‍ നമ്പ്യാരും എസ്. ഈശ്വരനും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അതൃപ്തി അറിയിച്ചു. വായ്പകള്‍ എഴുതിത്തള്ളുന്ന കീഴ്വഴക്കം മുമ്പ് ഉണ്ടായിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി, വയനാട്ടിലെ കടാശ്വാസത്തിന് സ്വീകരിക്കുന്ന നടപടികളില്‍ വ്യക്തത വരുത്തി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടു നിര്‍ദേശിച്ചു.
കടാശ്വാസ നടപടികള്‍ സംബന്ധിച്ച് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ ശിപാര്‍ശ കേന്ദ്രത്തിനു സമര്‍പ്പിച്ചിരുന്നു. റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇക്കാര്യം പരിശോധിച്ചാണു മോറട്ടോറിയവും ലോണ്‍ പുനഃക്രമീകരണവും തീരുമാനിച്ചതെന്നാണ് കേന്ദ്രം കോടതിയില്‍ പറഞ്ഞത്. എന്നാല്‍, കേന്ദ്രം അധികാരപ്പെടുത്തിയതുപ്രകാരം 2008-09 വര്‍ഷം ചില വായ്പകള്‍ എഴുതിത്തള്ളിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
വയനാട് പുനരധിവാസത്തിന് അനുവദിച്ച ആദ്യഗഡുവായ 529.50 കോടി രൂപയുടെ വിനിയോഗത്തിനുള്ള സമയപരിധിയിലും കേന്ദ്രം വ്യക്തത വരുത്തി.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന ധനവകുപ്പിന് നൽകുന്ന തുക വിവിധ വകുപ്പുകള്‍ക്ക് കൈമാറാനുള്ള സമയപരിധിയാണ് ഈ വര്‍ഷം ഡിസംബര്‍ 31. അതല്ലാതെ നിർമാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തീയതിയല്ലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.
ഫണ്ട് വിവിധ വകുപ്പുകള്‍ക്ക് കൈമാറിയശേഷം സംസ്ഥാനം യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്കിയാല് അംഗീകാരം നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി.
ഫണ്ട് വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് കോടതി നേരത്തേ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി ഏപ്രില്‍ ഏഴിന് വീണ്ടും പരിഗണിക്കും.