സുധാകരൻ ഇടഞ്ഞു; നേതൃമാറ്റമില്ല
Sunday, January 26, 2025 1:16 AM IST
തിരുവനന്തപുരം: നേതൃമാറ്റ ചർച്ചയിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഹൈക്കമാൻഡിനെ കടുത്ത അതൃപ്തി അറിയിച്ചതോടെ തീരുമാനത്തിൽനിന്ന് തത്കാലം പിൻവലിഞ്ഞ് കോണ്ഗ്രസ് നേതൃത്വം. കെപിസിസി പ്രസിഡന്റിനെ മാറ്റുന്ന കാര്യം തത്കാലം പരിഗണനയിലില്ലെന്ന് ഹൈക്കമാൻഡ് പ്രതിനിധികൾ കെ. സുധാകരനെ അറിയിച്ചു.
തന്നെ ഇരുട്ടിൽ നിർത്തി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, നേതൃമാറ്റ വിഷയത്തിൽ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയതിൽ കെ. സുധാകരൻ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്.
തന്റെ അനുമതിയില്ലാതെ പദവിയിൽനിന്ന് മാറ്റാനുള്ള നീക്കവുമായി മുന്നോട്ടു പോയാൽ കടുത്ത തീരുമാനങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് സുധാകരൻ നൽകിയതായാണു സൂചന.
സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അടക്കമുള്ളവരോടു തന്റെ അതൃപ്തി സുധാകരൻ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഇന്നലെ മലയോരയാത്രയുടെ ഭാഗമായി ഒരുമിച്ചു കാണാമെന്ന സമീപനമാണ് കെ.സി. വേണുഗോപാൽ സ്വീകരിച്ചതെന്നാണു വിവരം.
കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന കെ. സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാക്കാനുള്ള നടപടികളാണ് എഐസിസി നേതൃത്വം സ്വീകരിച്ചത്.
കെ.സി. വേണുഗോപാൽ ചർച്ചകളിൽ നേരിട്ടിടപെടാതെ മുതിർന്ന നേതാക്കളുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കാൻ കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയെ നിയോഗിക്കുകയായിരുന്നു.
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു കെ. സുധാകരനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച പുരോഗമിക്കുന്നതിനിടെയാണ് ഇക്കാര്യം മാധ്യമങ്ങളിൽ വാർത്തയായത്. തുടർന്നാണ് അതൃപ്തിയുമായി സുധാകരൻ രംഗത്തെത്തിയത്.