മുനമ്പം ഭൂപ്രശ്നം; ജുഡീഷല്‍ കമ്മീഷനെ നിയമിച്ചതിനെതിരേ ഹൈക്കോടതി
Saturday, January 25, 2025 2:18 AM IST
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തര്‍ക്കത്തില്‍ ജുഡീഷല്‍ കമ്മീഷനെ നിയമിച്ചതിനെതിരേ ഹൈക്കോടതി. കേന്ദ്രമാണോ സംസ്ഥാനമാണോ ജുഡീഷല്‍ കമ്മീഷനെ നിയമിക്കേണ്ടതെന്നു കോടതി ചോദിച്ചു.
വഖഫ് കേന്ദ്ര നിയമമായതിനാല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോയെന്നും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ആരാഞ്ഞു.
തുടര്‍ന്ന് മുനമ്പം ഭൂമി സംബന്ധിച്ച് നിയമിച്ച ജുഡീഷല്‍ കമ്മീഷന്റെ അന്വേഷണപരിധി അറിയിക്കാന്‍ നിര്‍ദേശിച്ച കോടതി, ഇതു സംബന്ധിച്ച ഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.
മുനമ്പത്തെ ഭൂമി തര്‍ക്കം സംബന്ധിച്ച അന്വേഷണത്തിന് ജുഡീഷല്‍ കമ്മീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി നല്കിയ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
മുനമ്പത്തേത് വഖഫ് ഭൂമിയെന്നു കോടതി കണ്ടെത്തിയ ഭൂമി കമ്മീഷന്റെ അന്വേഷണപരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. സിവില്‍ കോടതി പരിഗണിച്ച ഭൂമി ഉള്‍പ്പെടുത്തി വീണ്ടും കമ്മീഷനെ നിയമിക്കാന്‍ എന്ത് അധികാരമാണ് സര്‍ക്കാരിനുള്ളത്?. കമ്മീഷന് നിയമനം സര്‍ക്കാര്‍ മനസിരുത്തിയെടുത്ത തീരുമാനമല്ല.
സിവില്‍ കോടതി തീര്‍പ്പാക്കിയ ഉടമസ്ഥാവകാശ വിഷയത്തില്‍ കമ്മീഷന് ഇടപെടാനാവില്ല. പിന്നെങ്ങനെ ഈ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കമ്മീഷനു സാധിക്കും? തീര്‍പ്പാക്കിയ വിഷയത്തില്‍ ജുഡീഷല്‍ കമ്മീഷനെ നിയമിച്ച ഇത്തരം നടപടികള്‍ ദൂഷ്യഫലമാവും ഉണ്ടാക്കുകയെന്നും കോടതി അഭിപ്രായപ്പെട്ടു.
എന്നാല്‍, ബന്ധപ്പെട്ട ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയങ്ങള്‍ കമ്മീഷന്റെ അന്വേഷണപരിധിയില്‍ വരുന്നില്ലെന്നു സര്‍ക്കാര്‍ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
ഭൂമിവിഷയം സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്നതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.