സർക്കാർ ഇടപെടലുകൾ നിരുത്തരവാദപരം: കെസിബിസി ജാഗ്രതാ കമ്മീഷൻ
Saturday, January 25, 2025 2:18 AM IST
കൊച്ചി: വന്യജീവി ആക്രമണങ്ങൾ വർധിക്കുന്നതു സംസ്ഥാന സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനങ്ങൾക്കു തെളിവാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ. വയനാട്ടിലും ഇടുക്കിയിലും മറ്റും വന്യമൃഗങ്ങൾ മനുഷ്യജീവനും സമാധാനപൂർണമായ ജീവിതത്തിനും സമാനതകളില്ലാത്ത ഭീഷണിയായി മാറിയിരിക്കുന്നു.
വനത്തിന്റെ സമീപ പ്രദേശങ്ങളിൽ മാത്രമല്ല, കിലോമീറ്ററുകൾ ദൂരെ ജീവിക്കുന്ന ഗ്രാമീണർക്കും വന്യമൃഗ ശല്യം വലിയ വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. കൂടുതൽ ജനദ്രോഹപരമായ വകുപ്പുകൾ ഉൾപ്പെടുത്തി വനനിയമം പരിഷ്കരിക്കുന്നതിനാണു സർക്കാർ നീക്കം നടത്തിയത്. പ്രതിഷേധങ്ങളെ തുടർന്ന് പരിഷ്കരണ ശ്രമം സംസ്ഥാന സർക്കാർ പിൻവലിച്ചെങ്കിലും കഴിഞ്ഞ ദിവസം അതിനെതിരായി പ്രമേയം പാസാക്കിയ ഫോറസ്റ്റ് റേഞ്ചേഴ്സ് ഫോറത്തിന്റെ നടപടി അപലപനീയമാണ്.
മനുഷ്യജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാനും സർക്കാരിനും വനം വകുപ്പിനുമാണ് ഉത്തരവാദിത്വമുള്ളത്. വന്യജീവികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന സംഭവങ്ങളിൽ ഉത്തരവാദിത്വം ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരുടേത് ആയിരിക്കുമെന്ന നിലപാട് കൈക്കൊള്ളുകയും കൃത്യവിലോപത്തിന് കർശന നടപടികൾ സ്വീകരിക്കുകയും വേണം.
വന്യമൃഗ ആക്രമണങ്ങളിൽ മനുഷ്യജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്നും ജാഗ്രതാ കമ്മീഷൻ ആവശ്യപ്പെട്ടു.