നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവുണ്ടോ? ; അന്വേഷണം പുരോഗമിക്കുകയാണെന്നു മുഖ്യമന്ത്രി
Sunday, January 26, 2025 1:16 AM IST
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട നിയമസഭ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ.
നവീൻബാബു കൈക്കൂലി വാങ്ങിയതിനു തെളിവുണ്ടോയെന്നും വിജിലൻസ് കണ്ടെത്തിയോ എന്നുമുള്ള ചോദ്യത്തിന് ഇക്കാര്യത്തിൽ ഇപ്പോൾ പ്രാഥമികാന്വേഷണം നടന്നുവരികയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് എന്നു സമർപ്പിക്കുമെന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയില്ല. പെട്രോൾ പന്പ് ഉടമ ടി.വി. പ്രശാന്തൻ നവീൻ ബാബുവിനെതിരേ അഴിമതി ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയോ എന്ന നിയമസഭാ ചോദ്യത്തിനാകട്ടെ മുഖ്യമന്ത്രി മറുപടി നൽകിയതുമില്ല.
ബന്ധുക്കളുടെ സാന്നിധ്യമില്ലാതെ തിടുക്കപ്പെട്ടു നവീൻ ബാബുവിന്റെ ഇൻക്വസ്റ്റ് നടപടികൾ നടത്തിയ സാഹചര്യം സംബന്ധിച്ച ചോദ്യത്തിനു തിടുക്കപ്പെട്ട് ഇൻക്വസ്റ്റ് നടത്തിയിട്ടില്ലെന്നാണു മുഖ്യമന്ത്രിയുടെ മറുപടി.