അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങൾ
Sunday, January 26, 2025 1:16 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങൾ നിർമിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇതിൽ 15 എയർപോർട്ടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
പുതിയ വിമാനത്താവളങ്ങളുടെ നിർമാണത്തിനും നിലവിലുള്ളവയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും 92,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ വിനിയോഗിക്കുന്നത്. അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ ഡൽഹി വിമാനത്താവളത്തെ ലോകത്തിലെ പ്രധാന അന്താരാഷ്ട്ര ഏവിയേഷൻ ഹബ് ആയി ഉയർത്തുക എന്ന ഏറ്റവും പ്രധാന ലക്ഷ്യവും ഉൾപ്പെടുന്നു.
യാത്രാ സൗകര്യങ്ങളുടെ മെച്ചപ്പെടുതലും പ്രാദേശിക കണക്ടിവിറ്റി വർധിപ്പിക്കുന്നതും അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമാണ്. രാജ്യത്ത് ഇപ്പോൾ 140 എയർപോർട്ടുകളാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്. 2047 ആകുമ്പോൾ ഇവയുടെ എണ്ണം ഇരട്ടിയിലധികമാക്കി 300ൽ എത്തിക്കുക എന്ന ലക്ഷ്യവും കേന്ദ്ര സർക്കാരിനുണ്ട്.
നോയിഡ, കർണൂൽ, പൂന, ജംഷഡ്പുർ, ചെന്നൈ എന്നിവിടങ്ങളിൽ പുതിയ എയർപോർട്ട് നിർമാണം പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയിലെ നവി മുംബൈ ഗ്രീൻഫീൽഡ് ഇന്റർനാഷണൽ എയർപോർട്ട്, ആന്ധ്രയിലെ ഭോഗപുരം എയർപോർട്ട് എന്നിവ മാർച്ച് 31നകം പ്രവർത്തനസജ്ജമാകും. കൂടാതെ മിസോറാം, ലക്ഷദ്വീപ്, ഗുജറാത്ത് എന്നിവിടങ്ങളിലെ പുതിയ എയർപോർട്ട് നിർമാണം 2026ൽ പൂർത്തിയാകുമെന്നും പ്രതീക്ഷിക്കുന്നു.
ഇവിടങ്ങളിൽ നിന്നെല്ലാം പുതിയ പ്രദേശങ്ങളിലേക്ക് കണക്ടിവിറ്റിയും ലഭ്യമാക്കും. 2025 അവസാത്തോടെ രാജ്യത്ത് പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം 200 ആകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. തുടർന്നുള്ള രണ്ട് പതിറ്റാണ്ടിനുള്ളിൽ 200 എയർ പോർട്ടുകൾകൂടി കൂട്ടിച്ചേർക്കാൻ സാധിക്കുമെന്നും കേന്ദ്ര സർക്കാർ കരുതുന്നു.
കഴിഞ്ഞ ദശകത്തിൽ 10 ശതമാനത്തിലധികം വളർച്ചയാണ് ഇന്ത്യയുടെ വ്യോമയാന മേഖല കൈവരിച്ചത്.ഇന്ത്യ ഇതിനകം തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന ശൃംഖലയായി ഉയർന്നു എന്നാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഒടുവിലത്തെ വിലയിരുത്തൽ.
രാജ്യത്തെ വ്യോമയാന വികസന സംരംഭങ്ങൾ കാര്യക്ഷമവും വേഗത്തിലുമാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം അടക്കമുള്ള വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ചാണ് വ്യോമയാന മന്ത്രാലയം മുന്നോട്ട് പോകുന്നത്.
പുതിയ എയർപോർട്ടുകൾ വരുന്നതോടെ ആഗോള തലത്തിൽ വ്യോമയാന മേഖലയിൽ ഇന്ത്യക്ക് അതിനിർണായക പങ്ക് വഹിക്കാൻ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് മന്ത്രാലയം. രാജ്യത്തെ ബുദ്ധിമുട്ടുന്ന വിമാന കമ്പനികളെ നിലവിലുള്ള ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് പിന്തുണയ്ക്കുക, അമിതമായ യാത്രാ നിരക്ക് ഈടാക്കുന്നത് തടയുക എന്നിവയും മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലുള്ള കാര്യങ്ങളാണ്.