കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയ്ക്ക് നാടിന്റെ യാത്രാമൊഴി
Sunday, January 26, 2025 1:16 AM IST
മാനന്തവാടി: വെള്ളിയാഴ്ച രാവിലെ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട പിലക്കാവ് പഞ്ചാരകൊല്ലി തറാട്ട് ഉന്നതിയിലെ രാധയ്ക്കു നാടിന്റെ യാത്രാമൊഴി.
പോസ്റ്റുമോർട്ടത്തിനുശേഷം മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നു രാവിലെ 8.45 ഓടെയാണ് ബന്ധുക്കളുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങിയത്. ആംബുലൻസിൽ ഉന്നതിയിൽ എത്തിച്ച മൃതദേഹം രണ്ടര മണിക്കൂറോളം പൊതുദർശനത്തിനു വച്ചു.
രാധയെ അവസാനമായി ഒരുനോക്കു കാണാൻ നിരവധിയാളുകളാണ് ഉന്നതിയിൽ എത്തിയത്. പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. ഉന്നതിക്കു സമീപം സമുദായ ശ്മശാനത്തിൽ രാവിലെ 11 ഓടെയായിരുന്നു സംസ്കാരം. പട്ടികവർഗത്തിലെ കുറിച്യ സമുദായാംഗമാണ് രാധ.