സഹൃദയ എൻജിനിയറിംഗ് കോളജ് കേരളത്തിലെ ആദ്യ എഐ കാമ്പസ്
Sunday, January 26, 2025 1:16 AM IST
കൊടകര: സഹൃദയ എൻജിനിയറിംഗ് കോളജ് കേരളത്തിലെ ആദ്യ എഐ കാമ്പസ് ആണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
എഐ ഉപയോഗത്തിലൂടെ വൈജ്ഞാനികസമൂഹത്തെ വളർത്തിയെടുക്കാൻ എല്ലാം വിദ്യാർഥികളും പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. സഹൃദയ എൻജിനീയറിംഗ് കോളജിനെ ഇന്റൽ ആർട്ടിഫിഷൽ ഇന്റലിജൻസ് സർട്ടിഫൈഡ് കാമ്പസ് ആയി ഉയർത്തുന്ന ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകോത്തര ബ്രാൻഡുകളായ ഇന്റലും ഡെല്ലും സഹൃദയയുമായി സഹകരിച്ച് ആധുനികസാങ്കേതികവിദ്യയിൽ മികവാർന്ന എഐ സെന്ററോടുകൂടി സഹൃദയ എൻജിനിയറിംഗ് കോളജ് ആർട്ടിഫിഷൽ ഇന്റലിജൻസ് കാമ്പസ് ആയി.
ചടങ്ങിൽ ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. എഐ കാമ്പസിലൂടെ കൂടുതൽ അറിവുകൾ നേടുന്നതിനും ശക്തമായ അടിത്തറ പാകാനും സാധിക്കുമെന്നു ബിഷപ് പറഞ്ഞു. സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.ആർ. ശേഷാദ്രി മുഖ്യപ്രഭാഷണം നടത്തി. സഹൃദയ കോളജിനെ കേരളത്തിലെ ആദ്യ ഇന്റൽ സർട്ടിഫൈഡ് എഐ കാമ്പസായി ഡെല്ലിന്റ പ്രതിനിധി അഷിത് ശിവനാഥൻ പ്രഖ്യാപിച്ചു.
കേരളത്തിൽ ആദ്യമായി എല്ലാ എൻജിനിയറിംഗ് ബ്രാഞ്ചുകളിലെയും വിദ്യാർഥികൾക്കായി എഐ സർട്ടിഫിക്കേഷൻ പ്രോഗ്രാം നടപ്പാക്കിയ കാമ്പസായി സഹൃദയ എൻജിനിയറിംഗ് കോളജ് മാറി. 25 അധ്യാപകർ സർട്ടിഫൈഡ് ഫെസിലിറ്റേറ്റർമാരുമായി.
എഐ സർട്ടിഫിക്കേഷൻ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ബാച്ചിലെ 350-ഓളം വിദ്യാർഥികൾക്കും പരിശീലനം പൂർത്തിയാക്കിയ അധ്യാപകർക്കും ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പിജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് ഇന്റലിജൻസ് സിസ്റ്റംസിന്റെ ബ്രോഷറിന്റെ മുഖ്യപ്രകാശനം നടത്തി. മെഡ്സൽ കമ്പനിയുമായി ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുകയും ചെയ്തു.
കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. ആന്റോ ചുങ്കത്ത്, ഡയറക്ടർ ഡോ. ലിയോൺ ഇട്ടിയച്ചൻ, പ്രിൻസിപ്പൽ ഡോ. നിക്സൺ കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു.
എഐ കാന്പസ് സാധ്യതകൾ
ഇന്റലും സഹൃദയ കോളജും കൂടി നടത്തുന്ന ഇന്റൽ ആർട്ടിഫിഷൽ ഇന്റലിജൻസ് കോഴ്സിൽ കോളജിലെ എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും പഠിക്കാനുള്ള അവസരം ലഭിക്കും.
പുതിയ പിജി ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നതിലൂടെ വിദ്യാർഥികൾക്കു ഡാറ്റ സയന്റിസ്റ്റ്, ഡാറ്റ അനലിസ്റ്റ്, ബിസിനസ് ഇന്റലിജന്റ് അനലിസ്റ്റ് തുടങ്ങിയ മേഖലകളിൽ ഉയർന്ന ശമ്പളത്തോടെ ജോലിചെയ്യാനുള്ള അവസരങ്ങൾ ഒരുങ്ങും.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സഹകരണത്തോടെ ഒരു കോടിയിലധികം രൂപ ചെലവഴിച്ചു നിർമിച്ചിരിക്കുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് സ്കിൽ ലാബ്, പ്രോജക്ട് അധിഷ്ഠിതമായ പഠനത്തിനുള്ള അവസരം ലഭ്യമാക്കും.