സീറോമലബാര്‍ സഭയ്ക്ക് അഭിമാനം: മാര്‍ തട്ടില്‍
Saturday, January 25, 2025 2:17 AM IST
കൊച്ചി : ആഗോള കത്തോലിക്കാസഭയുടെ മതാന്തര സംവാദത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ നിയമനം മാതൃസഭയ്ക്കും ഭാരതസഭയ്ക്കും അഭിമാനമുളവാക്കുന്നതാണെന്നു സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
വിവിധ മതങ്ങള്‍ക്കിടയില്‍ സൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനും സമാധാനത്തിനായുള്ള സംഭാഷണങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്ടിനു സാധിക്കട്ടെയെന്നു മേജര്‍ ആര്‍ച്ച്ബിഷപ് ആശംസാസന്ദേശത്തില്‍ പറഞ്ഞു.
“മാര്‍പാപ്പയുടെ മാര്‍ഗനിര്‍ദേശത്തിലും തനിക്കു മുമ്പുള്ളവര്‍ അഗാധമായ ജ്ഞാനത്തോടെ ഇതിനകം കണ്ടെത്തിയ മതസൗഹാര്‍ദ പാത പിന്തുടര്ന്നുകൊണ്ടും എല്ലാവരുടെയും പ്രാര്‍ഥനയില്‍ ആശ്രയിച്ചും ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു” എന്ന കര്‍ദിനാള്‍ കൂവക്കാടിന്റെ വാക്കുകള്‍ പ്രചോദനാത്മകമാണ്.
സാംസ്കാരിക വൈവിധ്യവും ബഹുമത വിശ്വാസങ്ങളുമുള്ള ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നതു മതാന്തര സംവാദങ്ങളുടെ ഈ ഉത്തരവാദിത്വ നിര്‍വഹണത്തില്‍ അദ്ദേഹത്തിനു മുതല്‍ക്കൂട്ടാകുമെന്നു കരുതുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പ ഭരമേല്പിച്ച ഈ വലിയ ദൗത്യം വിജയകരമായി നിര്‍വഹിക്കാന്‍ കര്‍ദിനാള്‍ കൂവക്കാടിനു സീറോമലബാര്‍ സഭയുടെ മുഴുവന്‍ പ്രാര്‍ഥനയും വാഗ്ദാനം ചെയ്യുന്നതായും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.