വനംവകുപ്പ് കൊലയാളി സംഘമെന്ന് കത്തോലിക്ക കോൺഗ്രസ്
Saturday, January 25, 2025 2:51 AM IST
കൊച്ചി: മനുഷ്യരെ കൊല്ലാൻ വന്യമൃഗങ്ങൾക്ക് അവസരമൊരുക്കുന്ന വനം വകുപ്പ് കൊലയാളി സംഘമായി മാറിയെന്നും, വനംമന്ത്രിക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു. വയനാട്ടിൽ രാധയെ കടുവ കൊന്നത് വനംവകുപ്പിന്റെ ജനദ്രോഹനയങ്ങൾ കാരണമാണ്.
നൂറു കണക്കിനാളുകൾ വന്യമൃഗ ആക്രമണങ്ങളിൽ കൊല ചെയ്യപ്പെട്ടിട്ടും സർക്കാർ വന്യമൃഗങ്ങൾക്കുവേണ്ടി നിലകൊള്ളുന്നതു വിചിത്രമാണ്. ജനങ്ങളുടെ ജീവനേക്കാൾ പ്രാധാന്യം മൃഗങ്ങൾക്കു കൊടുക്കുന്ന സർക്കാരുകൾക്കു ഭരണത്തിൽ തുടരാനുള്ള അർഹതയില്ല.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ തോന്ന്യാസങ്ങൾക്കു കൂട്ടുനിൽക്കുന്ന ദുർബലരായ ഭരണാധികാരികളെ ഭരണത്തിൽനിന്നു മാറ്റണം. വന്യമൃഗ വിഷയങ്ങൾക്കായി അനുവദിക്കുന്ന ഫണ്ടുകൾ എന്തു ചെയ്യുന്നുവെന്നു സർക്കാർ വ്യക്തമാക്കണം. തുടർച്ചയായി കാട്ടാന, കടുവ ആക്രമണങ്ങളുണ്ടാകുന്നത് കേരളത്തിൽ ഫോറസ്റ്റ്രാജ് നടപ്പിലാക്കാനുള്ള സർക്കാർ നീക്കങ്ങളുടെ ഭാഗമാണ്.
വിവിധ നിയമങ്ങളിലൂടെയും വന്യജീവി ആക്രമണങ്ങളിലൂടെയും ജനങ്ങളെ കുടിയൊഴിപ്പിക്കാനുളള ഗൂഢതന്ത്രങ്ങൾ സമ്മതിക്കില്ല. വിഷയത്തിൽ കേരളത്തിലുടനീളം ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ കത്തോലിക്ക കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു.
ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ജോൺസൻ തൊഴുത്തുങ്കൽ, അഡ്വ. ബോബി ബാസ്റ്റിൻ, ഡോ. ചാക്കോ കാളാംപറമ്പിൽ, ഫിലിപ്പ് വെളിയത്ത്, ജോർജ് കോയിക്കൽ,സണ്ണി കടുതാഴെ, സെബാസ്റ്റ്യൻ പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.