അപവാദം പറഞ്ഞ് ബ്രൂവറി വ്യവസായ മുന്നേറ്റത്തെ തകർക്കാനാകില്ല: മന്ത്രി രാജേഷ്
Sunday, January 26, 2025 1:16 AM IST
പാലക്കാട്: അപവാദം പറഞ്ഞ് കേരളത്തിലെ വ്യവസായ മുന്നേറ്റത്തെ തകർക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്.
സർക്കാർ ചർച്ച ചെയ്ത് അംഗീകരിച്ച മദ്യനയമാണ് നടപ്പാക്കുന്നതെന്നും അപവാദം ഭയന്ന് കഞ്ചിക്കോട് ബ്രൂവറി സ്ഥാപിക്കാനുള്ള തീരുമാനത്തിൽനിന്നു സർക്കാർ പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ട് മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു തുള്ളി ഭൂഗർഭജലംപോലും പദ്ധതിക്കുവേണ്ടി ഉപയോഗിക്കില്ല. വ്യവസായത്തിന് അനുകൂലമായ അന്തരീക്ഷത്തിനാണ് ഈ സർക്കാർ ശ്രമിക്കുന്നത്. ഈ പദ്ധതിയെ എതിർക്കുന്നവർ ആ അന്തരീക്ഷം തകർക്കാനാണു ശ്രമിക്കുന്നത്. ടെൻഡർ വിളിക്കാതെ പദ്ധതിക്ക് അനുമതി നൽകി എന്നതായിരുന്നു ആദ്യ ആരോപണം. വ്യവസായം തുടങ്ങാൻ ടെൻഡർ വിളിക്കുന്ന പതിവില്ല. ആ വാദം യുഡിഎഫ് ഉപേക്ഷിച്ച മട്ടാണ്.
ജലചൂഷണവാദമുയർത്തിയാണ് ഇപ്പോൾ എതിർപ്പ് ഉയർത്തുന്നത്. ഒരുതുള്ളി ഭൂഗർഭ ജലംപോലും പദ്ധതിക്കുവേണ്ടി എടുക്കില്ല. മഴവെള്ളസംഭരണത്തിലൂടെയും മലമ്പുഴ അണക്കെട്ടിൽനിന്നും വെള്ളം കണ്ടെത്താനാവും. മലമ്പുഴ ഡാമിൽനിന്നു വ്യവസായത്തിനു വെള്ളം നൽകുന്നതിൽ ഒരു തടസവുമില്ല. മുഖ്യമന്ത്രിയും ജലവിഭവമന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
9.26 കോടി ലിറ്റർ സ്പിരിറ്റാണ് എല്ലാ വർഷവും കേരളത്തിലേക്കു കൊണ്ടുവരുന്നത്. കേരളത്തിൽ ഉത്പാദനം നടന്നാൽ അതിന്റെ ഗുണം സംസ്ഥാനത്തിനു കിട്ടും. കേരളത്തിലേക്കു സ്പിരിറ്റ് എത്തിക്കുന്ന കർണാടക കമ്പനികളുടെ ഉടമകൾ കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കളാണെന്നു തെളിവുകൾ ഉയർത്തിക്കാണിച്ച് മന്ത്രി പറഞ്ഞു.
കേരളത്തിൽ സ്പിരിറ്റ് ഉത്പാദനം തുടങ്ങിയാൽ ഇവരിൽനിന്ന് സ്പിരിറ്റ് ആവശ്യമില്ലാതെ വരും. ഈ ബിസിനസ് തകർക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ് കേരളത്തിൽ കോൺഗ്രസിനെയും ബിജെപിയെയും ഉപയോഗിച്ചു സമരരംഗത്തിറങ്ങുന്നതെന്നും മന്ത്രി ആരോപിച്ചു.
പാലക്കാട്ട് മദ്യനിർമാണ കമ്പനിയല്ല ആദ്യഘട്ടത്തിൽ വരുന്നത്. എഥനോൾ നിർമാണത്തിനാണ് പ്രാധാന്യം. സ്പിരിറ്റും ഉത്പാദിപ്പിക്കും. മലബാർ ഡിസ്റ്റിലറിക്ക് അനുമതി നൽകിയതു മദ്യനിർമാണത്തിനാണ്. ഒയാസിസിന് അനുമതി സ്പിരിറ്റും എഥനോളും നിർമിക്കാനാണ്. ഇതു രണ്ടും രണ്ടാണ്.
നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്കു മലബാർ ഡിസ്റ്റിലറി പ്രവർത്തനം തുടങ്ങും. ഒയാസിസ് കമ്പനിക്കു പ്രവർത്തനാനുമതി നൽകിയത് ഒന്നര വർഷത്തിനുശേഷമാണെന്നും മന്ത്രി പറഞ്ഞു.