കാറിനു തീ പിടിച്ച് റിട്ട. ബാങ്ക് മാനേജർ വെന്തുമരിച്ചു
Sunday, January 26, 2025 1:16 AM IST
തൊടുപുഴ: നിർത്തിയിട്ടിരുന്ന കാറിന് തീ പിടിച്ച് റിട്ട. സഹകരണ ബാങ്ക് മാനേജർ വെന്തു മരിച്ചു. കുമാരമംഗലം മുൻ സഹകരണ ബാങ്ക് മാനേജർ ഏഴല്ലൂർ പ്ലാന്റേഷൻ സ്വദേശി എരപ്പനാൽ ഇ.ബി. സിബി (60) യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.
ഏഴല്ലൂർ-തൊടുപുഴ റോഡിൽ പെരുമാങ്കണ്ടത്തിന് സമീപം നരിക്കുഴി ജംഗ്ഷനിൽ നിന്നും 70 മീറ്ററോളം മാറി പ്ലാന്റേഷനിലേക്ക് പോകുന്ന റോഡിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കാർ കത്തുന്ന നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഇവർ അറിയിച്ചതനുസരിച്ച് തൊടുപുഴയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു സിബിയുടെ മൃതദേഹം.
വിവരമറിഞ്ഞ് തൊടുപുഴ പോലീസും സ്ഥലത്തെത്തി. പിന്നീട് സിബിയുടെ സഹോദരനായ ടിബിയും ഭാര്യ ജിജിയും സ്ഥലത്തെത്തി കാർ സിബിയുടേതാണെന്ന് സ്ഥിരീകരിച്ചു. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി നൽകിയ ശേഷം തിരിച്ചു കുമാരമംഗലത്തേക്ക് വരുന്ന വഴിയാണ് സംഭവമെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ സിബിക്ക് ജീവനൊടുക്കേണ്ട സാഹചര്യമില്ലന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.
കാറിനു തീ പിടിച്ചപ്പോൾ പുറത്തിറങ്ങാൻ കഴിയാത്തതാകാം അപകടത്തിന് കാരണമെന്നാണ് സംശയമെന്ന് നാട്ടുകാർ പറയുന്നു. ഏറെ പഴക്കം ചെന്ന കാറിലാണ് സിബി സഞ്ചരിച്ചത്. ഫോറൻസിക് വിഭാഗവും പോലീസും വിശദമായ പരിശോധന നടത്തിയ ശേഷം വൈകുന്നേരത്തോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മോട്ടോർ വാഹനവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തും.
ഭാര്യ: സിന്ധു (റിട്ട. അധ്യാപിക), മക്കൾ: അരവിന്ദ് (എംജി യൂണിവഴ്സിറ്റി കോട്ടയം), അഞ്ജലി (സൗത്ത് ഇന്ത്യൻ ബാങ്ക് മൂവാറ്റുപുഴ).