സാന്ദ്ര തോമസിന്റെ പരാതി: ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും എതിരേ കേസ്
Saturday, January 25, 2025 2:17 AM IST
കൊച്ചി: പൊതുജനമധ്യത്തില്‍ അപമാനിച്ചുവെന്ന, നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ആന്റോ ജോസഫ് എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു.
എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസില്‍ ഉണ്ണികൃഷ്ണന് ഒന്നാംപ്രതിയും ആന്റോ ജോസഫ് രണ്ടാം പ്രതിയുമാണ്.
ഹേമ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കിയതിന്റെ പേരില്‍ ബി. ഉണ്ണികൃഷ്ണന് പ്രതികാര നടപടിയെടുത്തുവെന്നും സിനിമയില്‍നിന്നു തന്നെ മാറ്റിനിര്‍ത്തിയെന്നും ഇനിയൊരു സിനിമ മലയാളത്തില്‍ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നു ഭീഷണിപ്പെടുത്തിയെന്നും സാന്ദ്രയുടെ പരാതിയില്‍ പറയുന്നു. കോടതിയുടെ നിർദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ, നിര്‍മാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിനിമയുടെ തര്‍ക്കപരിഹാരവുമായി ബന്ധപ്പെട്ട യോഗത്തില്‍ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. പിന്നാലെ, സംഘടനയുടെ സല്‍പ്പേരിനു കളങ്കമുണ്ടാക്കിയെന്നു ചൂണ്ടിക്കാട്ടി ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയില്‍നിന്നു സാന്ദ്രയെ പുറത്താക്കി.
എന്നാല്‍, ഇതിനെതിരേ സാന്ദ്ര തോമസ് കോടതിയെ സമീപിച്ചതോടെ പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്തിരുന്നു.
മൊഴി നല്‍കിയതിന്റെ പേരില്‍ പ്രതികാരനടപടി: സാന്ദ്ര
കൊച്ചി: ഹേമ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കിയതിനു സിനിമയില്‍നിന്നു മാറ്റിനിര്‍ത്തിയെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്.
മൊഴി നല്‍കിയതിനു ശേഷം സിനിമയില്‍ കുറേ തിരിച്ചടികള്‍ നേരിടേണ്ടിവന്നു. അതിന് അസോസിയേഷനിലെ പലരും സാക്ഷികളാണ്. നിവൃത്തിയില്ലാതെയാണു പരാതി നല്കാന് തീരുമാനിച്ചത്. സംവിധായകന് ബി. ഉണ്ണികൃഷ്ണനെതിരായ പരാതിയുമായി മുന്നോട്ടു പോകുമെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.
ഉണ്ണികൃഷ്ണനെതിരേ താന്‍ പരാതി പറഞ്ഞിട്ടുണ്ടെന്ന് അറിഞ്ഞതോടെ ഉപദ്രവിക്കാന്‍ ശ്രമമുണ്ടായെന്നും സാന്ദ്ര പറയുന്നു. തന്നെ പുറത്താക്കുന്നതില്‍ ഉണ്ണികൃഷ്ണന് വലിയ പങ്ക് വഹിച്ചു. കേസുമായി മുന്നോട്ടു പോകുന്നവരെ പിന്തിരിപ്പിക്കാന് ശ്രമം നടക്കുകയാണ്. പരാതി കൊടുത്തവരെ കുടുംബപരമായി പോലും ഉപദ്രവിക്കുന്നു. ഗതിമുട്ടി നില്ക്കുന്ന അവസ്ഥയിലാണു കേസ് കൊടുത്തത്.
സിനിമയിലെ പല കാര്യങ്ങളും പുറത്തു വരാറില്ല. താന്‍ മാധ്യമങ്ങളിലൂടെ പറഞ്ഞതിലൂടെ ജനങ്ങള്‍ അറിഞ്ഞു. ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തതിനുശേഷം നടന്ന മീറ്റിംഗില്‍ ഉണ്ണികൃഷ്ണന് തനിക്കെതിരേ പരസ്യമായി വെല്ലുവിളി നടത്തി.
പരാതി കൊടുക്കുന്നതിനു മുന്‍പ് ഒരു സിനിമ ചെയ്യാനുള്ള എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായിരുന്നു. അപ്പോഴാണ് ഇങ്ങനെ ഒരു പ്രശ്നം വരുന്നതെന്നും സാന്ദ്ര തോമസ് ആരോപിച്ചു.
മലയാളസിനിമയില്‍ എന്തു പ്രശ്നങ്ങളുണ്ടായാലും ബി. ഉണ്ണികൃഷ്ണന് അതിനു പിന്നിലുണ്ടാകും. പക്ഷേ അദ്ദേഹത്തിന്റെ പേര് എവിടെയും വരില്ല. ഇന്‍ഡസ്ട്രിയെ ഒരാള്‍ കൈയിലൊതുക്കി വച്ചിരിക്കുകയാണ്.
സിനിമയില്‍ നില്ക്കണമെങ്കില് ഒന്നും പുറത്തുപറയരുതെന്നാണു പലരും എന്നോടു പറയുന്നത്. പക്ഷേ അങ്ങനെ ചെയ്യാനാകില്ല.
ഫെഫ്കയില്‍ പരാതി നല്‍കിയിട്ടുള്ള മറ്റു സ്ത്രീകള്‍ക്കുകൂടി വേണ്ടിയാണു ഞാന്‍ സംസാരിക്കുന്നത്- സാന്ദ്ര തോമസ് പറഞ്ഞു.