മനുഷ്യാവകാശത്തേക്കാൾ വലുതല്ല വനനിയമം: കെ.സി. വേണുഗോപാൽ
Sunday, January 26, 2025 1:16 AM IST
കരുവഞ്ചാല്‍ (കണ്ണൂര്‍): വന്യജീവി ആക്രമണവും കാർഷിക മേഖലയിലുണ്ടാക്കുന്ന നാശവും മലയോര ജനതയുടെ ജീവൽപ്രശ്നമായി മാറുമ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിഷ്ക്രിയരായി നോക്കിനിൽക്കുകയാണെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സമര പ്രചാരണ യാത്രയുടെ ഉദ്ഘാടനം കണ്ണൂർ ജില്ലയിലെ കരുവഞ്ചാലിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയോര ഭൂമിയില്‍ പൊന്നു വിളയിച്ച കുടിയേറ്റ കര്‍ഷകര്‍ ഇന്ന് മരണഭീതിയില്‍ കഴിയുകയാണ്. മരിക്കുന്നതിനേക്കാള്‍ ഭയാനകമാണ് മരണഭീതികൊണ്ട് ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ. അത്തരമൊരു സാഹചര്യത്തില്‍ ആര്‍ട്ടിക്കിള്‍ 21 നേക്കാള്‍ മുകളിലല്ല വൈല്‍ഡ് ലൈഫ് ആക്ടെന്ന് ഭരിക്കുന്നവര്‍ തിരിച്ചറിയണം. നിയമങ്ങളുടെ സാങ്കേതികത്വം പറഞ്ഞ് ഒളിച്ചോടാന്‍ സര്‍ക്കാരുകള്‍ക്കാവില്ല.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് കാരുണ്യം പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ലെന്ന തിരിച്ചറിവിലാണ് കര്‍ഷകജനത. വന്യജീവി അക്രമങ്ങള്‍ നിത്യസംഭവമാകുമ്പോഴും നിര്‍വികാരരായി നോക്കിനില്ക്കുന്ന ഏറ്റവും വലിയ ജനവിരുദ്ധ സര്‍ക്കാരുകളാണ് ഇപ്പോഴുള്ളത്. കാടിനകത്ത് ചില ആളുകള്‍ കടന്നു കയറി ആക്രമണം നടത്തുന്നതാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ കാരണമെന്ന വ്യാഖ്യാനം വരെ വനംമന്ത്രി നടത്തി. വന്യജീവി ആക്രമണങ്ങളില്‍ ഈ സര്‍ക്കാരിന്റെ അടിസ്ഥാനപരമായ നിലപാടെന്താണെന്ന് വ്യക്തമാക്കണം.
മൃഗങ്ങളുടെ സഞ്ചാരം മനസിലാക്കാന്‍ ആധുനികസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍, ഫെന്‍സിംഗ് നിര്‍മിക്കുന്ന കാര്യത്തില്‍, ആവാസകേന്ദ്രങ്ങലുടെ വിസ്തൃതി കൂട്ടുന്ന കാര്യത്തില്‍ ഏതു കാര്യത്തിലാണ് പിണറായി സര്‍ക്കാരും മോദി സര്‍ക്കാരും നടപടി സ്വീകരിച്ചിട്ടുള്ളത്? ഞങ്ങളാരും വന്യജീവികള്ക്കെതിരല്ല. വന്യജീവികളുടെ ജീവിതം മനുഷ്യജീവനേക്കാള്‍ വലുതല്ല. നിയമത്തിന്റെ സാങ്കേതികത പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ് സംസ്ഥാന സര്‍ക്കാര്‍.എല്ലാ കാര്യങ്ങളിലും കര്ഷകവിരുദ്ധസമീപനമാണ് സംസ്ഥാന സര്‍ക്കാർ പുലർത്തുന്നത്.
എല്ലാ പ്രതിപക്ഷപാര്‍ട്ടികളെയും വിളിച്ച് ക്രിയാത്മകമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയാറാകണം. ഒറ്റക്കെട്ടായി പ്രതിപക്ഷം പിന്തുണയ്ക്കും. ബഫര്‍സോണ്‍ വിഷയത്തില്‍, റബര്‍കര്‍ഷകരുടെ സങ്കടങ്ങളില്‍ ഏതു കാര്യത്തിലാണ് മലയോരജനതയ്ക്കനുകൂലമായി നിലപാടെടുത്തിട്ടുള്ളത്. വനസംരക്ഷണനിയമം താത്കാലികമായി പിന്‍വലിച്ചത് ജനരോഷം ഭയന്നിട്ടാണ്.
മലയോരജനതയുടെ അന്തകനായി പിണറായി മാറുകയാണ്. മലയോരകര്ഷകര്ക്കെതിരായ സര്‍ക്കാരിന്റെ നിലപാടാണ് ഓരോ നടപടിയിലും പ്രകടമാകുന്നത്.
സങ്കടക്കയത്തിലുള്ള മലയോര ജനതയ്ക്കൊപ്പമാണ് യുഡിഎഫ്. മോദി, പിണറായി സര്‍ക്കാരുകളുടെ ബധിരകര്ണപുടങ്ങളെ തുളച്ചു കയറാനുള്ള പോരാട്ടമാണ് മലയോര സമരയാത്ര.
2026ൽ യുഡിഎഫ് സര്‍ക്കാരുണ്ടാക്കും. മലയോരജനതയ്ക്ക് സംരക്ഷണം ഞങ്ങളൊരുക്കും. പക്ഷേ അതുവരെ കര്‍ഷകരുടെ ജീവന് സംരക്ഷിച്ചേ തീരൂവെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി അധ്യക്ഷത വഹിച്ചു. യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി,എംപിമാരായ രാജ്മോഹന്‍ ഉണ്ണിത്താന്, ജെബി മേത്തര്‍, എംഎല്‍എമാരായ മോന്‍സ് ജോസഫ് , അനൂപ് ജേക്കബ് , മാണി സി. കാപ്പന്, സണ്ണി ജോസഫ്, സജീവ് ജോസഫ്, യുഡിഎഫ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്, സി.പി. ജോണ്‍, രാജന് ബാബു, രാജേന്ദ്രന്, സി.എ അജീര്‍, ഇല്ലിക്കല്‍ അഗസ്തി, എം. ലിജു തുടങ്ങിയവര്‍ പങ്കെടുത്തു.