ക്ഷേമ പെൻഷൻ കൈപ്പറ്റിയവരിൽ 29 മെഡിക്കൽ കോളജ് ജീവനക്കാരും
Saturday, January 25, 2025 2:18 AM IST
മുളങ്കുന്നത്തുകാവ് (തൃശൂർ): സാമൂഹ്യസുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയവരിൽ ഗവൺമെന്റ് മെഡിക്കൽ കോളജിൽനിന്നുള്ള ജീവനക്കാരും.
പ്രിൻസിപ്പൽ ഓഫീസിൽനിന്ന് പത്തുപേർ, നെഞ്ചുരോഗ ആശുപത്രിയിൽനിന്ന് ആറുപേർ, മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് 13 പേർ എന്നിങ്ങനെയാണ് അനധികൃതമായി പെൻഷൻ കൈപ്പറ്റിയവരുടെ എണ്ണം.
സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, ജൂണിയർ ലാബ് അസിസ്റ്റന്റ്, ക്ലറിക്കൽ അറ്റൻഡേഴ്സ്, ഹോസ്പിറ്റൽ അറ്റൻഡേഴ്സ്, ക്ലീനിംഗ് ജീവനക്കാർ എന്നിവർ ഈ പട്ടികയിൽ ഉൾപ്പെടുന്നു.10,000 രൂപ മുതൽ 53,600 രൂപ വരെ ഓരോ ജീവനക്കാരും അനധികൃതമായി കൈപ്പറ്റിയിട്ടുണ്ട്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർ കൈപ്പറ്റിയ തുക 18 ശതമാനം പലിശസഹിതം തിരിച്ചുപിടിക്കുന്നതിനും ജീവനക്കാർക്കതിരേ കർശനനടപടികൾ സ്വീകരിച്ച് റിപ്പോർട്ട് നൽകാനും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. തുക ഫെബ്രുവരി 15നുമുൻപേ തിരിച്ചുപിടിക്കണമെന്നും നിർദേശിച്ചു.