കടുവയെ പിടിക്കാൻ ശ്രമം തുടരുന്നു; വെടിവച്ചു കൊല്ലണമെന്ന് നാട്ടുകാർ
Sunday, January 26, 2025 1:16 AM IST
മാനന്തവാടി: പിലാക്കാവ് പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ അച്ചപ്പന്റെ ഭാര്യ രാധയെ (47)കൊലപ്പെടുത്തിയ കടുവയെ പിടിക്കുന്നതിനു വനസേന ശ്രമം തുടരുന്നു. കടുവയെ കൂട്ടിൽ കയറ്റിയോ മയക്കുവെടി വച്ചോ പിടിക്കാൻ കഴിയുന്നില്ലെങ്കിൽ വെടിവച്ചു കൊല്ലാൻ സംസ്ഥാന മുഖ്യ വന്യജീവി പാലകൻ ഉത്തരവായിട്ടുണ്ട്.
കടുവയെ മാനദണ്ഡങ്ങൾ പാലിച്ച് ജീവനൊടെ പിടിക്കാനാണു വനസേനയുടെ പദ്ധതി. എന്നാൽ, കടുവയെ വെടിവച്ച് കൊല്ലണമെന്ന ശാഠ്യത്തിലാണ് പഞ്ചാരക്കൊല്ലിയിലെയും സമീപങ്ങളിലെയും ജനം.
ചീഫ് വൈൽഡ് ലൈഫ് വാർഡന്റ് ഉത്തരവിൽ വ്യക്തത വരുത്തി കടുവയെ കൊല്ലണമെന്നാശ്യപ്പെട്ട് ജനക്കൂട്ടം പഞ്ചാരക്കൊല്ലിയിൽ വനസേനയുടെ ബേസ് ക്യാന്പ് പരിസരത്ത് പ്രതിഷേധിച്ചു. കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ സംസ്കാരം ഇന്നലെ നടന്നു.
കടുവയെ പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ദ്രുതപ്രതികരണ സേന പഞ്ചാരക്കൊല്ലിക്കടുത്ത് വനത്തിൽ ഇന്നലെ തെരച്ചിൽ നടത്തി. കടുവയെ കണ്ടെത്തുന്നതിനു തെർമൽ ഡ്രോണ് ഉപയോഗപ്പെടുത്തിയായിരുന്നു തെരച്ചിൽ.
കടുവാ ആക്രമണം നടന്നതിനടുത്ത് രണ്ടിടങ്ങളിൽ കൂട് സ്ഥാപിച്ചിട്ടുണ്ട്. നോർത്ത് വയനാട് വനം ഡിവിഷനിലെ തലപ്പുഴ, തിരുനെല്ലി വരയാൽ, കുഞ്ഞോം ഫോറസ്റ്റ് സ്റ്റേഷനുകൾ, ആർആർടി മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരും ഫോറസ്റ്റ് വെറ്ററിനറി വിഭാഗത്തിൽപ്പെട്ടവരും ഉൾപ്പെടെ 85 പേരടങ്ങുന്നതാണു ദൗത്യസംഘം. 38 കാമറ ട്രാപ്പുകളാണു സ്ഥാപിച്ചിരിക്കുന്നത്.
ഒരു ലൈവ് കാമറ ഉപയോഗത്തിലുണ്ട്. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർമാരായ ഡോ. അജേഷ് മോഹൻദാസ്, ഡോ. ഇല്യാസ് എന്നിവർ ഉൾപ്പെടുന്നതാണു കടുവയിൽ മയക്കുവെടി പ്രയോഗിക്കാൻ സജ്ജമാക്കിയ സംഘം.
ദൗത്യസംഘത്തിന്റെ നീക്കം സുഗമമാക്കുന്നതിന്റെ ഭാഗമായി പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജസി, ചിറക്കര ഡിവിഷനുകളിൽ 27 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.