‘തമാശ ബോംബ്’പൊല്ലാപ്പായി; സ്ലോവാക്യൻ പൗരൻ പിടിയിൽ
Saturday, January 25, 2025 2:18 AM IST
നെടുമ്പാശേരി: രാജ്യാന്തര വിമാനത്താവളത്തില്‍ ചെക്ക്-ഇന്‍ ചെയ്യുന്നതിനിടെ കൈയിലുള്ള പവർ ബാങ്ക് ബോംബ് ആണെന്ന് പറഞ്ഞ സ്ലോവാക്യൻ പൗരൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി.
ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പോകാനെത്തിയ റെപൻ മാറെക്കാണ് പിടിയിലായത്. ചെക്ക് ഇന്‍ ചെയ്യുന്നതിനായി കൈയിലുണ്ടായിരുന്ന പവര്‍ ബാങ്ക് കൗണ്ടറില്‍ വച്ചു. ഇത് എന്താണെന്ന് ചോദിച്ച എയര്‍ ഇന്ത്യ ജീവനക്കാരനോട് തമാശയായി ബോംബ് ആണെന്നു പറഞ്ഞു. ജീവനക്കാരന് വളരെ ഗൗരവത്തിലെടുത്ത ഈ തമാശയാണ് യാത്രക്കാരന് പൊല്ലാപ്പായത്.
ജീവനക്കാരന് വിവരം സുരക്ഷാ വിഭാഗത്തിനു റിപ്പോര്‍ട്ട് ചെയ്തതോടെ സുരക്ഷാ വിഭാഗം ഇയാളെ പിടികൂടി ബാഗും മറ്റും വിശദമായ പരിശോധനകള്‍ നടത്തിയ ശേഷം നെടുമ്പാശേരി പോലീസിനു കൈമാറി.
വിമാനത്താവളത്തിലെ ബോംബ് ത്രെട്ട് അസെസ്മെന്റ് കമ്മിറ്റി ക്രമപ്രകാരം യോഗം ചേര്‍ന്നാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. മാറെകിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.